കേരളം

കുസാറ്റ് തിരിച്ച് പിടിച്ച് എസ്എഫ്ഐ; 190 സീറ്റില്‍ 104 ല്‍ വിജയം

കൊച്ചി : കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്. ഇതോടെ കഴിഞ്ഞ തവണ നഷ്ടമായ വിദ്യാർത്ഥി യൂണിയന്‍ കെഎസ്‌യുവില്‍ നിന്ന് എസ്എഫ്ഐ തിരികെ പിടിച്ചു.

കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്‌യു കുസാറ്റില്‍ യൂണിയന്‍ ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്‌യുവിന്‍റെ ആദ്യ വിജയവുമായിരുന്നു ഇത്. 1994 ല്‍ ബാബു ജോസഫ് കുറുവത്തായ കെഎസ്‌യു പാനലില്‍ ചെയർമാനായതിന് ശേഷം 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു കുസാറ്റിലെ വിജയം. മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കി കൊണ്ടുനടന്ന കുസാറ്റ് കൈവിട്ടത് പോയത് എസ്എഫ്ഐക്ക് വലിയ തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ ഇത്തവണ തിരഞ്ഞെടുപ്പിനായി വലിയ മുന്നൊരുക്കവും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

കുസാറ്റിലെ വിജയത്തില്‍ എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി രാജീവ് അടക്കമുള്ള നേതാക്കളും രംഗത്ത് വന്നു. അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയാണ്. അന്നത്തെ അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ ക്യാമ്പസിൽ പ്രവർത്തിക്കുകയും എല്ലാ ഊർജ്ജവുമുൾക്കൊണ്ടുകൊണ്ട് സംഘടനയെ തോളിലേറ്റുകയും ചെയ്തു. ഈ പരിശ്രമങ്ങൾക്ക് ഇതാ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലവും ലഭിച്ചിരിക്കുന്നു. ഒരു വർഷത്തിനിപ്പുറം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എസ്എഫ്ഐ തിരിച്ചു പിടിച്ചിരിക്കുന്നു. ഈ വിജയം എസ്‌ എഫ് ഐക്ക് നൽകിയ മുഴുവൻ വിദ്യാർഥികളേയും സർവ്വകലാശാലയിലെ സംഘടനാ നേതൃത്വത്തെയും അഭിനന്ദിക്കുന്നു.’ പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button