യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ

ഫുജൈറ : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കതിരെ കർശന നടപടിയുമായി ഫുജൈറ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചു, ട്രാഫിക് നിയമങ്ങൾ ലംഘിച്ചു, വാഹനങ്ങൾ നിയമവിരുദ്ധമായി മോഡിഫൈ ചെയ്തു തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കൾ റോഡുകളിൽ ഇറങ്ങി വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നേരെ സ്പ്രൈ ക്യാൻസ്, ഫോം, വാട്ടർ കനോൺസ് എന്നിവ ഉപയോഗിച്ചു യാത്രക്കാരെ ശല്യം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കർശന നടപടിയുമായി അധികൃതർ രംഗത്ത് എത്തിയത്.
അതെ സമയം, ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പൊലീസ് ഓർമ്മപ്പെടുത്തി. ഭൂരിഭാഗം ആളുകളും നിയമങ്ങളും നിർദേശങ്ങളും പാലിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. എന്നാൽ ചെറിയ ഒരു വിഭാഗം ആളുകളുടെ പ്രവർത്തി വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത്തരം പ്രവർത്തികൾ തുടർന്നാൽ കർശന നടപടി തുടർന്നും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



