19 രാജ്യങ്ങളിൽനിന്നുള്ള ഇമിഗ്രേഷൻ നടപടികളും പൗരത്വ അപേക്ഷകളും നിർത്തിവെച്ച് യുഎസ്

വാഷിങ്ടണ്‍ ഡിസി : യുഎസ് യാത്രാവിലക്കേര്‍പ്പെടുത്തിയ 19 രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഗ്രീന്‍കാര്‍ഡുകളും പൗരത്വ അപേക്ഷകളും ഉള്‍പ്പെടെ നിര്‍ത്തിവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഭരണകൂടം നിലവിലെ സ്ഥിതി സൂക്ഷ്മ പരിശോധന നടത്തുന്നതുവരെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പൂര്‍ണമായി നിര്‍ത്തിവെച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അഫ്ഗാനിസ്താന്, മ്യാന്മാര്, ചാഡ്, റിപ്പോബ്ലിക് ഓഫ് കോംഗോ, ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്, ലിബിയ, സോമാലിയ, സുഡാന്, യെമെന്‍, ബുറുണ്‍ഡി, ക്യൂബ, ലാവോസ്, സിയെറാ ലിയോണ്‍, ടോഗോ, തുര്ക്ക്മെനിസ്താന്, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്കാണ് ഈ വിലക്ക് ബാധകമാകുക. വാഷിങ്ടണില്‍ രണ്ട് വെസ്റ്റ് വിര്‍ജീനിയന്‍ ഗാര്‍ഡുകളെ വെടിവെച്ചതിനു പിന്നാലെ ആ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ താത്കാലികമായി നിര്‍ത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ നീക്കം. വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തില്‍ മുന്‍പ് യുഎസിനൊപ്പം അഫ്ഗാനില്‍ പ്രവര്‍ത്തിച്ച അഫ്ഗാന് സ്വദേശിയെ പിടികൂടിയിട്ടുണ്ട്.
യുഎസ്സിഐഎസ് നിലവില്‍ പൂര്‍ണമായി നിര്‍ത്തിവെച്ചെന്നതിനു പുറമേ, നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതും നീളും. എല്ലാ വിദേശികളേയും പരമാവധി പരിശോധിക്കും. ലോകത്തെ ഏറ്റവും കര്‍ശനമായ സ്ക്രീനിങ് സംവിധാനങ്ങളിലൊന്നാണ് യുഎസിന്റേത്.
ദരിദ്ര രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്താനും യുഎസില്‍ നിയമപരമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്താനും ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.



