ഉടനെ രാജ്യം വിടണം; വെനിസ്വല പ്രസിഡന്റ് മഡുറോയ്ക്ക് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൺ ഡിസി : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രാജ്യം വിട്ട് പോകാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിച്ചു.
സൈനീക നീക്കത്തിനുള്ള സാധ്യതകൾ ട്രംപുമായി പെന്റഗൺ പരിശോധിക്കുകയാണ്. മഡൂറോയെ ട്രംപ് ആഗോള ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചിരുന്നു.
വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂർണമായും അടയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ മുന്നറിയിപ്പും നൽകി.
വെനസ്വേലയിൽ രഹസ്യപ്രവർത്തനത്തിന് സിഐഎയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും വേണ്ടിവന്നാൽ കരയാക്രമണത്തിന് മടിക്കില്ലെന്നും ട്രംപ് പരസ്യമായി ഭീഷണി ഉയർത്തിയിരുന്നു. വെനസ്വേല കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നൊക്കെ ആരോപിച്ചാണ് യുഎസ് പടയൊരുക്കം.



