അഴിമതിക്കേസില്‍ മാപ്പ് നല്‍കണം; യുഎസ് പ്രസിഡന്റിന് കത്തയച്ച് നെതന്യാഹു

തെല്‍ അവിവ് : അഴിമതിക്കേസില്‍ മാപ്പ് നല്‍കണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നില്‍ ക്ഷമാപണം സമര്‍പ്പിച്ചതായി നെതന്യാഹു ഞായറാഴ്ച അറിയിച്ചു. കേസില്‍ നിരന്തരമായി കുറ്റം നിഷേധിക്കുന്ന നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ചിരുന്നു.
‘ആറ് വര്‍ഷത്തിലേറെയായി എനിക്കെതിരായ കേസ് നിലനില്‍ക്കുന്നു. അതിനിയും ഒരുപാട് നീളുമെന്നാണ് കരുതുന്നത്’. നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
‘കേസില്‍ കുറ്റവിമുക്തനാക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രാഷ്ട്രത്തിന്റെ താല്‍പര്യം നേരെ തിരിച്ചാണ്. ഇസ്രായേല്‍ രാഷ്ട്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണ് നിലവില്‍.’
വിചാരണ ഇനിയും മുന്നോട്ടുപോകുന്നത് രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തുടരുന്നതിലൂടെ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനിലെ വംശഹത്യയ്ക്ക് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രായേല്‍ കോടതികളിലുള്ള അഴിമതിക്കേസുകളില്‍ നിയമനടപടികള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ ക്ഷമാപണം. നെതന്യാഹുവിന് സംരക്ഷണമൊരുക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെ സംരക്ഷിച്ചതുപോലെ നെതന്യാഹുവിനെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമെന്നത് പോലെയാണ് യുഎസ് പ്രസിഡന്റ് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ചത്.
അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള നിരവധി കേസുകളാണ് നെതന്യാഹു നേരിടുന്നത്. നെതന്യാഹുവും ഭാര്യ സാറയും ഹോളിവുഡ് നിര്‍മാതാവ് ആര്‍നോണ്‍ മില്‍ചനില്‍ നിന്നും മറ്റു ധനികരില്‍നിന്നും ലക്ഷങ്ങളുടെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം. വിലപിടിപ്പുള്ള സിഗരറ്റുകള്‍ മുതല്‍ ഷാംപെയ്നും ആഭരണങ്ങളും വരെയുണ്ട് അക്കൂട്ടത്തില്‍. ഈ സമ്മാനങ്ങള്‍ക്ക് പകരമായി, മില്‍ചന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നാണ് ഒരു കേസ്.
ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത് അഹ്രോനോത്തിന്റെ ഉടമ ആര്‍നോണ്‍ മോസെസുമായുള്ള നെതന്യാഹുവിന്റെ ദുരൂഹമായ ബന്ധമാണ് മറ്റൊരു കേസിനാസ്പദം. പത്രത്തില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തി. ഇതിനു പകരമായി, യെദിയോത്തിന്റെ എതിരാളികിളായ ഇസ്രായേല്‍ ഹായോമിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
മൂന്നാമത്തെ കേസും ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. മാധ്യമഭീമനായ ബെസെഖുമായുള്ള രഹസ്യ ബാന്ധവമാണ് കേസിനാസ്പദം. സുഹൃത്തും ബെസെക് ടെലികോം കമ്പനിയുടെ ഉടമയുമായ ഷൗല്‍ എലോവിച്ചിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ നിയമനിര്‍മാണങ്ങള്‍ നടത്തി. പകരമായി ബെസെഖിനു കീഴിലുള്ള ഹീബ്രു മാധ്യമം ‘വല്ല’ വെബ്‌സൈറ്റില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ആരോപണങ്ങളും നെതന്യാഹു സമ്പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, പലതവണ കേസ് നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടിവന്നിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് തന്നെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നെതന്യാഹു ക്ഷമാപണം നടത്തിയിരിക്കുന്നത്.



