അന്തർദേശീയം

എൻ എച്ച് എസ് അനുവദിച്ചിരിക്കുന്ന ഗ്രാന്റ് ജീവിതച്ചിലവ് താങ്ങാൻ പര്യാപ്തമല്ലെന്ന് ലണ്ടനിലെ മെഡിക്കൽ വിദ്യാർത്ഥികൾ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് എൻ എച്ച് എസ് അനുവദിച്ചിരിക്കുന്ന ഗ്രാൻ്റ് ജീവിത ചെലവിന് തികയില്ലെന്ന് ലണ്ടനിലെ മെഡിക്കൽ വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. പാർട്ട് ടൈം ജോലികൾ ചെയ്താണ് മറ്റു ചിലവുകൾക്കുള്ള തുക കണ്ടെത്തുന്നതെന്നും അതിനാൽ പഠനത്തിന് വേണ്ടത്ര മുൻഗണന നൽകാൻ കഴിയുന്നില്ലെന്നും വിദ്യാർഥികൾ ട്വിറ്ററിൽ കുറിച്ചു.

ട്വിറ്ററിൽ ആരംഭിച്ച #LiveableNHSBursary ക്യാമ്പയിനിൽ പഠന ചെലവും ജീവിത ചെലവും താങ്ങാൻ കഴിയുന്നതിലുമപ്പുറമാണെന്നും എൻ എച്ച് എസ് ബർസറികളെ ആശ്രയിച്ച് മാത്രം പഠനം തുടരാനാവുകയില്ല എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഇത് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നതിന് ചില മെഡിക്കൽ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും കടക്കെണിയിലാക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റിൽ പല ജോലികൾ ചെയ്താണ് മിക്ക വിദ്യാർഥികളും പഠനത്തിനും ജീവിത ചെലവിനും വേണ്ടിയുള്ള തുക കണ്ടെത്തുന്നത്. ലണ്ടനിലെ വാടക വിദ്യാർത്ഥികൾക്ക് വളരെ ഉയർന്നതാണെന്നും ഇത് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുകയാണെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

വീട്ടിൽ നിന്ന് മാറി താമസിക്കുന്ന മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ നാല് വർഷങ്ങളിൽ, മറ്റ് ബിരുദ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന അതേ തുക ഗ്രാൻ്റ് ലഭിക്കാൻ തുല്യമായ അർഹതയുണ്ട്.  ലണ്ടനിലിത് നിലവിൽ 12,382 പൗണ്ട് വരെയാണ്. യോഗ്യരായ മുഴുവൻ സമയ ബിരുദ വിദ്യാർത്ഥികൾക്ക് എൻ എച്ച് എസ് ബർസറി 1, 000 പൗണ്ടിന്റെ ഉപാധികളില്ലാത്ത ഗ്രാന്റും, അഞ്ചാമത്തെയും ആറാമത്തെയും വർഷങ്ങളിൽ ലണ്ടനിൽ താമസിക്കുന്നവർക്ക് ആദ്യത്തെ 30 ആഴ്ചത്തേക്ക് 3,191 പൗണ്ട് വരെയുള്ള ഉപാധികളോട് കൂടിയ ഗ്രാന്റും നൽകുന്നു. പഠനം പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുന്നവർക്ക് 108 പൗണ്ടും, മാതാപിതാക്കളോടൊപ്പം താമസിക്കുന്നവർക്ക് 56 പൗണ്ട് അധികമായി ലഭിക്കാൻ അർഹതയുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് ഇംഗ്ലണ്ടിൽ നിന്ന് അഞ്ച്, ആറ് വർഷങ്ങളിൽ മെയിന്റനൻസ് ലോൺ ലഭിക്കും. വീട്ടിൽ നിന്ന് അകലെ താമസിക്കുന്നവർക്ക് ലണ്ടനിൽ ഇത് 3,354 പൗണ്ട് വരെയും വീട്ടിലാണെങ്കിൽ 1,744 പൗണ്ട് വരെയുമാണ് ലഭിക്കുക.

എന്നാൽ, ജീവിത ചെലവുകളും വാടകയും ലണ്ടനിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് പര്യാപ്തമല്ലെന്നും ഗവൺമെൻ്റ് മെഡിക്കൽ വിദ്യാർഥികൾക്ക് വേണ്ടത്ര സഹായം ചെയ്യുന്നില്ലെന്നും മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു.

വിദ്യാർത്ഥികൾക്ക് അവരുടെ ഡിഗ്രി സമയത്ത് നൽകുന്ന പിന്തുണ, അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പര്യാപ്തമല്ലാത്തതിനാൽ അവർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത് വളരെ ആശങ്കാജനകമാണ് എന്ന് ബിഎംഎ മെഡിക്കൽ സ്റ്റുഡന്റ്‌സ് കമ്മിറ്റി കോ-ചെയർ ഖദീജ മേഘ്‌റാവി പറഞ്ഞു.

ഫുൾ ടൈം മെഡിസിൻ ബിരുദ പഠനത്തോടൊപ്പം ദീർഘനേരം മറ്റു ജോലികൾ ചെയ്യുന്നതും കടബാധ്യതകളിൽ കുരുങ്ങുന്നതും വിദ്യാർഥികളിൽ മാനസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളെ മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. അത് അവരുടെ സാമൂഹിക ജീവിതത്തെ ഉൾപ്പെടെ ബാധിക്കുന്നു. മറ്റു ബിരുദ വിദ്യാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അധ്യാപന സമയമുണ്ട്. കൂടാതെ ശമ്പളമില്ലാതെ പ്ലേസ്‌മെന്റിൽ ആയിരിക്കുമ്പോൾ പലപ്പോഴും ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായും വരുന്നു.

ഹാർഡ്ഷിപ്പ് ഗ്രാന്റുകൾ ലഭ്യമാണെന്നും സാധാരണ വിദ്യാർത്ഥി വായ്പകളിൽ നിന്ന് വ്യത്യസ്തമായി എൻഎച്ച്എസ് ബർസറികൾ തിരിച്ചടക്കേണ്ടതില്ലെന്നും ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button