പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസൗവിൽ സൈനിക അട്ടിമറി

ബിസൗ : പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസൗവിൽ സൈനിക അട്ടിമറി. ദേശീയ തെരഞ്ഞെടുപ്പ് നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ രാജ്യത്ത് അധികാരം പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം വെടിവെപ്പുണ്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സൈനിക അട്ടിമറി പുറംലോകം അറിയുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെക്കുമെന്നും അതിർത്തികൾ അടക്കുമെന്നും സൈന്യം അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ മേധാവിയെ അറസ്റ്റ് ചെയ്തതായും കമീഷൻ ഓഫിസ് സൈന്യം അടച്ചുപൂട്ടിയതായും റിപ്പോർട്ടുണ്ട്.
അതിനിടെ, മുഖ്യ പ്രതിപക്ഷ പാർട്ടിയായ ഗിനിയയുടെയും കേപ്പ് വെർഡെയുടെയും സ്വാതന്ത്ര്യത്തിനായുള്ള ആഫ്രിക്കൻ പാർട്ടി ഫോർ ദ് ഇൻഡിപെൻഡൻസ് ഓഫ് ഗിനിയ ആൻഡ് കേപ് വെർഡെയുടെ (പി.എ.ഐ.ജി.സി) നേതാവ് ഡൊമിഗോസ് സിമോസ് പെരേര അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പ്രസിഡന്റ് ഉമാരോ സിസോക്കോ എംബാലോയും എതിരാളിയായ ഫെർണാണ്ടോ ഡയസും വിജയം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുന്ന രാജ്യത്തെ ഏക പ്രസിഡന്റായി ചരിത്രം കുറിക്കാനുള്ള ശ്രമത്തിലായിരുന്നു 53കാരനായ എംബാലോ.
പോർചുഗലിൽ നിന്ന് 1974ൽ സ്വാതന്ത്ര്യം നേടിയ ശേഷം ഗിനിയ-ബിസൗവിൽ നാല് അട്ടിമറികളും നിരവധി അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ട്. സെനഗലിനും ഗിനിയക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രാജ്യം കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് കേന്ദ്രമായാണ് അറിയപ്പെടുന്നത്. 2019ലാണ് രാജ്യത്ത് അവസാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 20 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഗിനിയ-ബിസൗവി.



