കൊച്ചിയില്‍ വന്‍ ലഹരി വേട്ട; വിപണി രണ്ട് കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി നാല് പേര്‍ പിടിയില്‍

കൊച്ചി : രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നാലുപേര്‍ പിടിയില്‍. സ്ത്രീ ഉള്‍പ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന്‍ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. കൊച്ചി മട്ടമ്മലിലെ ലോഡ്ജില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
സമരമുതലി, സുനമണി എന്നിവരാണ് പിടിയിലായ ഒഡിഷ സ്വദേശികള്‍. ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ ലഹരി മരുന്ന് കൊച്ചിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ലഹരിമരുന്നു വാങ്ങാനെത്തിയതായിരുന്നു പിടിയിലായ കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിന്‍ ജോയ്, ശ്രീരാജ് എന്നിവര്‍. രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ രണ്ടു കോടിയിലേറെ വില വരുന്നതാണ് പിടികൂടിയ ലഹരി മരുന്ന്. സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
പിടികൂടിയവരുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ചതില്‍ നിന്നും നേരത്തെയും ഇവര്‍ ലഹരിഇടപാടിനായി കേരളത്തില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണമിടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ലഹരി വാങ്ങുന്നതിനായി കൊച്ചി സ്വദേശികളെ അയച്ച സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.



