അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ അമ്പത്തേഴുകാരി അനാര്‍ക്കലി എന്ന ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. പന്ന ടൈഗര്‍ റിസര്‍വിലാണ് ആന രണ്ട് പിടിയാനക്കുട്ടികളെ പ്രസവിച്ചത്. മൃഗഡോക്ടര്‍മാരുടെയും വന്യജീവി വിദഗ്ധരുടെയും പരിചരണത്തില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ട് കുട്ടിയാനകളും ജനിച്ചത്. അമ്മയാനയും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
അപൂര്‍വമായാണ് ആനകളില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. കടുവകളുടെ സംരക്ഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ആനകളും പന്ന ടൈഗര്‍ റിസര്‍വിലുണ്ട്. അനാര്‍ക്കലി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെ റിസര്‍വിലെ ആകെ ആനകളുടെ എണ്ണം 21 ആയി. റിസര്‍വിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇരട്ട കുട്ടിയാനകള്‍ ജനിക്കുന്നത്.
കഞ്ഞി, കരിമ്പ്, ശര്‍ക്കര, ശുദ്ധമായ നെയ്യ്, ലഡ്ഡു എന്നിവയുള്‍പ്പെടെ ഉയര്‍ന്ന പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നുണ്ട്. കുട്ടിയാനകളുടെ പരിചരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 1986ലാണ് അനാര്‍ക്കലിയെ പന്ന ടൈഗര്‍ റിസര്‍വിലേക്ക് എത്തിക്കുന്നത്. ഇതുവരെ ആറ് കുഞ്ഞുങ്ങള്‍ക്ക് അനാര്‍ക്കലി ജന്മം നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്.



