കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി; മെറ്റക്കെതിരെ യുഎസ് കോടതിയില്‍ കേസ്

കാലിഫോര്‍ണിയ : സമൂഹമാധ്യമങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ തലപ്പൊക്കമുള്ള ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയുടെ നിര്‍മാണക്കമ്പനിയായ മെറ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് കോടതിയില്‍ കേസ്. കുട്ടികള്‍ക്ക് സംഭവിക്കാനിടയുള്ള അപകടസാധ്യതയെ മെറ്റ ബോധപൂര്‍വം നിസാരവത്കരിച്ചെന്നും മറ്റ് വിപത്തുകളെ മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ് കോടതിയില്‍ കേസ്. ഉപഭോക്താക്കളുടെ ഫീഡിലേക്ക് ലൈംഗിക ഉള്ളടക്കങ്ങള്‍ കടന്നുവരുന്നത് തടയുന്നതിലുള്ള വീഴ്ചയോടൊപ്പം സമൂഹമാധ്യമങ്ങളിലെ കൗമാരപ്രായക്കാരുടെ സുരക്ഷയുടെ കാര്യത്തിലും മെറ്റയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പരാതിക്കാരന്റെ പക്ഷം.
ഇന്‍സ്റ്റഗ്രാമിലെ ’17x സുരക്ഷാ മാനദണ്ഡങ്ങളെ’* കുറിച്ച് മനസ്സിലാക്കിയതോടെ താന്‍ ഞെട്ടിപ്പോയെന്നാണ് ഇന്‍സ്റ്റഗ്രാം സേഫ്റ്റി വിഭാഗം മുന്‍ ഹെഡായിരുന്ന വൈഷ്ണവി ജയകുമാറിന്റെ പ്രതികരണം.
‘അക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകളധികവും ലൈംഗിക ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിന്മേലാണ്. വേശ്യാവൃത്തിക്കും ലൈംഗിക ചൂഷണത്തിനും തങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നുവെന്ന കാരണത്താലും നിരവധി അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിട്ടുണ്ട്.’ അവര്‍ വ്യക്തമാക്കി.
വൈഷ്ണവിയുടെ വെളിപ്പെടുത്തലുകള്‍ കേസിന് ശക്തിപകരുന്നുവെന്നാണ് പരാതിക്കാരന്റെ പക്ഷം. സമൂഹമാധ്യമങ്ങളില്‍ ധൈര്യപൂര്‍വം വിഹരിക്കുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ ചെറുപ്പക്കാരെ ചതിക്കുഴിയില്‍ വീഴ്ത്തുമെന്നത് അറിയാമായിരുന്നിട്ടും ബോധപൂര്‍വം മറച്ചുപിടിക്കുകയാണെന്നാണ് കാലിഫോര്‍ണിയയില്‍ ഫയല്‍ ചെയ്ത കേസില്‍ മെറ്റയ്ക്കെതിരായ പ്രധാന ആരോപണം. ചെറുപ്രായത്തിലേ സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത് വഴി കടുത്ത മാനസികവൈകല്യങ്ങള്‍ക്കും ആത്മഹത്യാപ്രവണതകളിലേക്കും കുട്ടികള്‍ ചെന്നെത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിലേക്കും വഴി തുറന്നിടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നിട്ടും ഈ ഉള്ളടക്കങ്ങളെ നീക്കംചെയ്യാന്‍ മെറ്റ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
‘സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഉത്പന്നങ്ങളോട് നമ്മുടെ കുട്ടികള്‍ക്ക് ഭയങ്കരമായി പ്രിയം തോന്നിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഇത് പതിയെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് കൊണ്ടെത്തിക്കും. പുകയില ഉത്പന്നങ്ങളെയും കുട്ടികള്‍ക്ക് വലിയ രീതിയില്‍ പരിചയപ്പെടുത്തുന്നതില്‍ ഇവരുടെ പങ്ക് വലുതാണ്. എന്തുതന്നെ സംഭവിച്ചാലും ഇത്തരം ഉള്ളടക്കങ്ങളെ കുട്ടികളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല. കാരണം, ഇതിലൂടെ അവര്‍ക്ക് ഭീമമായ സാമ്പത്തികനേട്ടങ്ങളുണ്ടാകുന്നു.’ കേസില്‍ വാദിയുടെ അഭിഭാഷകന് പ്രെവിന് വാറെന്‍ പറഞ്ഞു.
കമ്പനിയുടെ വളര്‍ച്ചയും ഉപഭോക്താക്കളുടെ സുരക്ഷയും സുരക്ഷയും സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ സമൂഹമാധ്യമ കമ്പനികള്‍ നേരിടുന്ന വെല്ലുവിളിയിലേക്കാണ് കേസ് വെളിച്ചം വീശുന്നത്. കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ജില്ലയില്‍ ജനുവരി 26-ന് കേസില്‍ വാദം കേള്‍ക്കും.
*”17x” പോളിസി എന്നത് മെറ്റയുടെ ആന്തരികനയത്തെയാണ് അർഥമാക്കുന്നത്. ഈ നയപ്രകാരം മനുഷ്യക്കടത്ത്, വേശ്യാവൃത്തി, തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന അക്കൌണ്ടുകൾക്കെതിരെ നടപടിയെടുക്കുന്നതിനുള്ള മാനദണ്ഡം



