ദേശീയം

ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കുറുക്കന്‍മാര്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ഒരു സംഘം കുറുക്കന്‍മാര്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് രാവിലെയാണ് കുറുക്കന്‍മാര്‍ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ മൃഗശാലയ്ക്ക് പിന്നിലെ കാടുപിടിച്ച പ്രദേശത്തുള്‍പ്പെടെ തെരച്ചില്‍ ആരംഭിച്ചു.

മൃഗശാലയുടെ പിന്‍ഭാഗത്തുള്ള വേലിയിലെ വിടവിലൂടെ കുറുക്കന്‍മാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തിന്റെ പശ്ചാത്തലത്തിലും മൃഗശാലയുടെ പ്രവര്‍ത്തനം തടസപെട്ടിട്ടില്ല. സന്ദര്‍ശകരെ പതിവ് പോലെ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന കമ്പിവേലികള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയ കൂടുകളിലാണ് കുറുക്കന്‍മാരെ പാര്‍പ്പിച്ചിരുന്നത്. കൂടിന് ഉള്ളില്‍ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ മാളങ്ങള്‍, തണല്‍ പ്രദേശങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കുറുക്കന്‍മാര്‍ എങ്ങനെ പുറത്തുകടന്നു എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുയാണ്. നിലവിലെ നിഗമനം അനുസരിച്ച് കുറുക്കന്‍മാര്‍ സന്ദര്‍ശകര്‍ എത്തുന്ന ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്നും, മൃഗശാലയുടെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നുമാണ് വിലയിരുത്തലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് കുറുക്കന്‍മാരുടെ രക്ഷപെടലിന് കാരണെമെന്ന് വിലയിരുത്തുമ്പോഴും സംഭവത്തില്‍, ഇതുവരെ മൃഗശാല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button