അന്തർദേശീയം

നൈജീരിയയിൽ കത്തോലിക്കാ സ്കൂളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

അബൂജ : നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ആയുധധാരികളായ ഒരു സംഘം ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചേയായിരുന്നു സംഭവം. ആക്രമണത്തിനിടെ ചില വിദ്യാർഥികൾ രക്ഷപ്പെട്ടെങ്കിലും, 215 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു.

സിഎഎൻ നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ്. റവ. ബുലസ് ദൗവ യോഹന്ന സ്കൂൾ സന്ദർശിക്കുകയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മാതാപിതാക്കളെ കാണുകയും ചെയ്തു. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും അസോസിയേഷൻ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വനങ്ങളിലടക്കം തിരച്ചിൽ നടത്തുകയാണെന്നും നൈജർ സ്റ്റേറ്റ് പോലീസ് കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

നൈജീരിയൻ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഈ ആഴ്ച ആദ്യം ക്വാരയിൽ തോക്കുധാരികൾ ഒരു പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പാസ്റ്റർ ഉൾപ്പെടെ നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. വടക്കുപടിഞ്ഞാറൻ കെബ്ബി സ്റ്റേറ്റിലെ ഗവൺമെന്റ് ഗേൾസ് ബോർഡിങ് സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധസംഘം 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

നൈജീരിയയിൽ സായുധസംഘങ്ങൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങൾ വർധിച്ചുവരുകയാണ്. മതപരമായ ലക്ഷ്യങ്ങളോടുകൂടിയ ആക്രമണങ്ങൾ, വംശീയ/സാമുദായിക സംഘർഷങ്ങൾ എന്നിവയാൽ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ നിരവധി പേരെയാണ് ഇത്തരത്തിൽ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button