ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബൈ : ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. മുകളിലേക്കുയര്‍ന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തി.
അല്‍മക്തും അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.10 ഓടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളവും പിന്നാലെ കറുത്ത പുകയും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക. അപകടത്തില്‍ പൈലറ്റ് മരിച്ചതായാണ് വിവരംയ
അപകടം വ്യോമസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണമെന്നും വ്യോമസേന അറിയിച്ചു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.



