മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ചു; ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാൻ

ടെഹ്റാൻ : ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാൻ. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വീസരഹിത പ്രവേശനം ഇറാൻ അവസാനിപ്പിച്ചത്. ഈ മാസം 22 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. നവംബർ 22 ന് ശേഷം ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വീസ എടുക്കേണ്ടിവരും. സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വീസ ഇളവ് ആണ് നിലവിൽ ഇറാൻ നിർത്തലാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചാവണം യാത്രയെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. ക്രിമിനൽ പ്രവർത്തനങ്ങൾ സജീവമായതായി ശ്രദ്ധയിൽ വന്നതോടെയാണ് ഗവൺമെന്റ് ഓഫ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ തീരുമാനം എത്തുന്നത്.
തൊഴിൽ വാഗ്ദാനങ്ങൾ നൽകിയും മറ്റ് രാജ്യത്തേക്കുള്ള തുടർ യാത്രയും വാഗ്ദാനം നൽകി ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് തട്ടിക്കൊണ്ട് പോയ സംഭവങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. സാധാരണക്കാർക്ക് നൽകിയ വിസ രഹിത പ്രവേശനം ദുരുപയോഗം ചെയ്താണ് ഇത്തരം ക്രിമിനൽ പ്രവർത്തികളെന്ന് ബോധ്യം സർക്കാരിന് വന്നിരുന്നു. ഇത്തരത്തിൽ ഇറാനിലെത്തിയ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാൻ നടപ്പിലാക്കിയത്.
4 നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വീസാരഹിത സന്ദർശനം ഇറാൻ അനുവദിച്ചിരുന്നത്. സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് 6 മാസത്തിലൊരിക്കൽ വീസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാമായിരുന്നു. പരമാവധി 15 ദിവസം വരെ താമസിക്കാനായിരുന്നു അനുമതി നൽകിയിരുന്നത്. വിമാനമാർഗം വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് മാത്രമായിരുന്നു വീസരഹിത പ്രവേശനം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കാണ് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്.



