അന്തർദേശീയം

മയക്കുമരുന്ന് കടത്ത് : വെനസ്വേലയ്‌ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന സൂചനയുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല കൂടിക്കാഴ്ചകള്‍ വൈറ്റ് ഹൗസില്‍ നടക്കുന്നതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക നീക്കം നടത്താനുള്ള സാധ്യതകളാണ് ട്രംപ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനും യുഎസിന് പദ്ധതിയുണ്ടെന്നാണ് വിവരം.

മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓപ്പറേഷന്‍ സതേണ്‍ സ്പിയറിന്റെ ഭാഗമായി മേഖലയില്‍ 15,000 സൈനികരെയും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും ആയുധങ്ങളുമൊക്കെ യുഎസ് വിന്യസിച്ചിട്ടുണ്ട്. ഈ സൈനികരെ ഉപയോഗിച്ചുള്ള നീക്കമാണോ നടത്തുക എന്നത് വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ച യു.എസിലേക്കുള്ള ലഹരികടത്ത് അവസാനിപ്പിക്കാനുള്ള കര്‍ശന നടപടിയെടുക്കുമെന്നും വേണ്ടിവന്നാല്‍ വെനസ്വേലയില്‍ ഭരണമാറ്റമുണ്ടാക്കുമെന്നുമുള്ള സൂചന ട്രംപ് നല്‍കിയിരുന്നു.

സൈനിക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മയക്കുമരുന്ന് കടത്ത് പാതകളിലും വ്യോമാക്രമണം നടത്തുക, അല്ലെങ്കില്‍ മഡുറോയെ സ്ഥാനഭ്രഷ്ടനാക്കുക എന്നിങ്ങനെയുള്ള നിരവധി നിര്‍ദേശങ്ങള്‍ യു.എസ് സൈനികതലത്തില്‍ തയ്യാറാക്കി ട്രംപിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി മയക്കുമരുന്ന് കടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകള്‍ക്ക് നേരെ കുറഞ്ഞത് 20 ആക്രമണങ്ങള്‍ യു.എസ് സൈന്യം നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗങ്ങള്‍ നടന്നത്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നും അടങ്ങുന്ന ഒരു ചെറിയ സംഘം ബുധനാഴ്ച പ്രസിഡന്റിനുമുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ദേശീയ സുരക്ഷാ സംഘം വ്യാഴാഴ്ച സിറ്റുവേഷന്‍ റൂമില്‍ വെച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരിമരുന്ന് കടത്തുകാരെയും അനധികൃത കുടിയേറ്റക്കാരെയും തടയാനായി കരീബിയന്‍ മേഖലയില്‍ തങ്ങളുടെ കൂറ്റന്‍ വിമാനവാഹനിയായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെയുള്‍പ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ വിമാനവാഹിനിക്കപ്പലിന് പുറമെ, ഒരു ക്രൂയിസര്‍, ഡിസ്‌ട്രോയറുകള്‍, ഒരു വ്യോമ-മിസൈല്‍ പ്രതിരോധ കമാന്‍ഡ് ഷിപ്പ്, അറ്റാക്ക് ഷിപ്പ്, അന്തര്‍വാഹിനി എന്നിവയുള്‍പ്പെടെയുള്ള വലിയ സൈനിക വിന്യാസമാണ് യുഎസ് നടത്തിയിരിക്കുന്നത്. ഇതിനൊപ്പം കരീബിയന്‍ മേഖലയിലെ യുഎസിന്റെ കീഴിലുള്ള പ്യൂര്‍ട്ടോ റിക്കോയിലേക്ക് 10 എഫ്-35 യുദ്ധവിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

സമീപകാലത്ത് യുഎസ് നടത്തിയിട്ടുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. 1989ലെ പനാമയിലെ യുഎസ് അധിനിവേശത്തിനോട് സമാനമായ നീക്കമാണ് ഇപ്പോള്‍ യുഎസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്നാല്‍, മഡുറോയെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് വെനസ്വേലയ്ക്കുള്ളില്‍ ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടാല്‍ അത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് മഡുറോയുടെ മുന്നറിയിപ്പ്. അത് മറ്റൊരു വിയറ്റ്‌നാമോ അഫ്ഗാനിസ്താനിനോ ആയിമാറുമെന്നാണ്‌ മഡുറോ മുന്നറിയിപ്പ് നല്‍കിയത്.

മാത്രമല്ല വെനസ്വേലയ്‌ക്കെതിരായ സൈനിക നീക്കങ്ങള്‍ക്ക് രാജ്യത്തിനകത്തുനിന്നും ട്രംപിന് വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. വിദേശ യുദ്ധങ്ങളില്‍ നിന്ന് യു.എസിനെ അകറ്റിനിര്‍ത്തുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ഈ പ്രഖ്യാപനത്തിന്‌ കടകവിരുദ്ധമായി ട്രംപ് ഒരു തീരുമാനമെടുക്കുമോയെന്ന് കണ്ടറിയണം. അതേസമയം മഡുറോയെ അട്ടിമറിച്ച് ഒരു ജനാധിപത്യ സര്‍ക്കാരിനെ കൊണ്ടുവന്നാല്‍ യുഎസിലേക്കുള്ള ലഹരി കടത്തിന് ശമനമുണ്ടായേക്കാമെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button