അന്തർദേശീയം

എത്യോപ്യയില്‍ മാര്‍ബഗ് വൈറസ് രോഗബാധ; ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അഡിസ് അബെബ : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. എത്യോപ്യയില്‍ ആദ്യമായാണ് മര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തെക്കന്‍ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് രോഗബാധ കണ്ടെത്തിയത്. വൈറല്‍ ഹെമറേജിക് പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും മര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ നിയോഗിച്ചിട്ടുണ്ട്. എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും. വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം.

88 ശതമാനം മരണനിരക്കുള്ള മാര്‍ബഗ് വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്‌സിനുകളോ ഇല്ല. കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചര്‍ദി, രക്തസ്രാവം തുടങ്ങിയവയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button