അന്തർദേശീയം

പലചരക്ക് സാധനങ്ങളുടെ വില കയറ്റം; ഭക്ഷണസാധനങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷണപദാർഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീഫ്, കോഫി, നേന്ത്രപ്പഴം തുടങ്ങി നിരവധി ഭക്ഷണസാധനങ്ങൾക്കാണ് വെള്ളിയാഴ്ച മുതൽ ഇളവ് അനുവദിച്ചത്.

തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ആദ്യമായി താൻ നടപ്പിലാക്കിയ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, ഈ നി​ഗമനത്തെ പാടെ അപ്രസക്തമാക്കുന്ന തരത്തിലാണ് പുതിയ നീക്കം. കൂടാതെ, വിർജീനിയ, ന്യൂജേഴ്സി, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് പിന്നാലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിതച്ചെലവ് പ്രധാന ചർച്ചാവിഷയമായിരുന്നു.

പുതിയ വ്യാപാരക്കരാറിന് വൈകാതെ തുടക്കമാകുമെന്ന് വ്യാഴാഴ്ച ട്രംപിന്റെ ഓഫീസ് അറിയിച്ചു. പുതിയ കരാറുകൾ ആരംഭിക്കുന്നതോടെ അർജന്റീന, ഇക്വഡോർ, ​ഗ്വാട്ടമല, സാൽവദോർ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 20ഓളം ഭക്ഷണസാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കുമെന്ന് ട്രംപ് അറിയിച്ചു.

സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം, ബീഫിന് ഏകദേശം 13 ശതമാനം വില വർധനവാണുണ്ടായത്. വാഴപ്പഴത്തിന് 7 ശതമാനം വർധനവുണ്ടായപ്പോൾ തക്കാളിക്ക് 1 ശതമാനം വില വർധനവും രേഖപ്പെടുത്തി. ഉത്പന്നങ്ങളുടെ വില വർധനവ് യുഎസിലെ കുടുംബങ്ങളെ ബാധിച്ചതോടെയാണ് ട്രംപിന്റെ പിന്മാറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button