ചൈനയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലം തകര്ന്നു

ബെയ്ജിങ് : ചൈനയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നുവീണു. സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്ന് നദിയിലേക്ക് പതിച്ചത്. ഈ വർഷം ആദ്യമായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ, സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ ഹോങ്ചി പാലത്തിൻ്റെ കോൺക്രീറ്റ് ഭാഗം കഷണങ്ങളായി തകർന്നുവീഴുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, പാലത്തിൻ്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടർന്ന് പാലത്തിൻ്റെ ഒരു ഭാഗം താഴെയുള്ള നദിയിലേക്ക് തകർന്നു വീഴുന്നതും കാണാം. അന്തരീക്ഷത്തിൽ പൊടിയും അവശിഷ്ടങ്ങളും നിറയുന്നതും വീഡിയോയിലുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് പാലത്തിൻ്റെ തൂണുകൾ വെള്ളത്തിലേക്ക് പതിച്ചത്.
വീഡിയോയ്ക്ക് പലതരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. നിർമ്മാണത്തിലെ വേഗത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) കരുതുന്നതുപോലെ അത്ര വലിയ കാര്യമല്ല. അവർ ഒരുപക്ഷേ എൻജിനീയർമാരെയും പ്രോജക്ട് മാനേജർമാരെയും കമ്പനി ഉടമകളെയും പദ്ധതിക്ക് മേൽനോട്ടം വഹിച്ച ചില സിസിപി നേതാക്കളെയും വധിച്ചേക്കാം, ഒരു ഉപയോക്താവ് കുറിച്ചു. ഇതൊരു പാലം തകർച്ച എന്നതിലുപരി ഒരു മണ്ണിടിച്ചിൽ പോലെയാണ് തോന്നുന്നത്. പാലത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ചൈനയുടെ പടിഞ്ഞാറൻ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ വെല്ലുവിളികളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഇവിടെ ഭൂകമ്പ സാധ്യതയും മണ്ണിടിച്ചിൽ സാധ്യതയുമുള്ള പ്രദേശങ്ങളിലാണ് ദ്രുതഗതിയിലുള്ള വികസനം നടക്കുന്നത്, മൂന്നാമതൊരാൾ പ്രതികരിച്ചു.
സമീപത്തെ ചരിവുകളിലും റോഡുകളിലും വിള്ളലുകൾ കണ്ടെത്തിയതിനെയും അടുത്തുള്ള മലയിൽ ഭൂപ്രദേശത്തിന് മാറ്റങ്ങൾ സംഭവിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ പാലം അടച്ചിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ മുൻകരുതൽ നടപടികൾക്കിടയിലും ചൊവ്വാഴ്ച സ്ഥിതി കൂടുതൽ വഷളാവുകയും ശക്തമായ മണ്ണിടിച്ചിലിൽ 758 മീറ്റർ നീളമുള്ള പാലത്തിന്റെ ഒരു ഭാഗവും സമീപറോഡുകളും തകരുകയുമായിരുന്നു.
ചെങ്കുത്തായതും മണ്ണിടിച്ചിൽ സാധ്യതയേറിയതുമായ ഈ പ്രദേശത്തെ ഭൗമശാസ്ത്രപരമായ അസ്ഥിരതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പാലത്തിന്റെ രൂപകൽപ്പനയിലെയോ നിർമ്മാണത്തിലെയോ എന്തെങ്കിലും പ്രശ്നങ്ങൾ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സമഗ്രമായ അന്വേഷണം നടക്കുന്നുന്നതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.



