ജാമ്യവ്യവസ്ഥ ലംഘനം: പി.സി.ജോർജിന്‍റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിലേക്ക്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിെന്‍റ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷനും പൊലീസും കോടതിയെ സമീപിക്കും.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുക. ജാമ്യം അനുവദിച്ച വിധിപ്പകര്‍പ്പ് കിട്ടിയശേഷം സെഷന്‍സ് കോടതിയിലോ ഹൈകോടതിയിലോ അപ്പീല്‍ നല്‍കാനാണ് ആലോചിക്കുന്നത്. നിയമോപദേശം തേടിയാകും തുടര്‍നടപടി.
സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നതും ഹരജിയില്‍ ഉന്നയിക്കും. കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നതും വിവാദമായുണ്ട്. പൊലീസ് ആവശ്യപ്പെട്ടില്ലെന്ന എ.പി.പിയുടെ വിശദീകരണം പൊലീസിന് തിരിച്ചടിയാണ്. മൂന്നുദിവസമായി കോടതി അവധിയായതിനാലാണ് നടപടി സാധിക്കാത്തതെന്ന് പൊലീസ് പറയുന്നു. സമൂഹത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസംഗമാണ് പി.സി. ജോര്‍ജ് നടത്തിയത്.
ഇത് കണക്കിലെടുക്കാതെ സാധാരണ കേസ് പരിഗണിക്കുന്നതുപോലെയാണ് കേസ് പരിഗണിച്ചത്. ഇത്തരം കേസുകളില്‍ പ്രോസിക്യൂഷനെ കേള്‍ക്കണമെന്ന് ഹൈകോടതി സര്‍ക്കുലര്‍ നിലവിലുണ്ടെന്ന വാദവും പ്രോസിക്യൂഷന്‍ ഉയര്‍ത്തും. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പരാമര്‍ശങ്ങള്‍ തിരുത്തില്ലെന്നുമായിരുന്നു ജാമ്യം കിട്ടി പുറത്തുവന്ന പി.സി. ജോര്‍ജിെന്‍റ പ്രസ്താവന. തീവ്രവാദികള്‍ക്കുള്ള പിണറായി വിജയെന്‍റ റമദാന്‍ സമ്മാനമാണ് തെന്‍റ അറസ്റ്റെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സാധാരണ സര്‍ക്കാര്‍ അഭിഭാഷകര്‍ ഇല്ലാതിരുന്നാല്‍ ജാമ്യം അനുവദിക്കാറില്ല. ഇങ്ങനെ അനുവദിക്കാറുള്ളത് ഇടക്കാല ജാമ്യമാണ്. എന്നാല്‍ ജോര്‍ജിന് നല്‍കിയത് പൂര്‍ണ ജാമ്യമാണ്.