ലോകത്തിലെ ആദ്യപണരഹിത രാജ്യം എന്ന പദവി സ്വന്തമാക്കാനൊരുങ്ങി സ്വീഡൻ

സ്റ്റോക്ക്ഹോം : ഡിജിറ്റൽ പണമിടപാടിലേക്ക് അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ് ലോകം. എന്നാൽ ലോകത്തിലെ ആദ്യപണരഹിത രാജ്യം എന്ന പദവി സ്വന്തമാക്കാനൊരുങ്ങുകയാണ് സ്വീഡൻ. ഷോപ്പിങ്ങാകട്ടെ,യാത്രകളാകട്ടെ, സംഭാവനകളാകട്ടെ,എല്ലാത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പേയ്മെന്റിലേക്ക് സ്വീഡൻ മാറിക്കഴിഞ്ഞു. കണക്കുകൾ പ്രകാരം ഈ രാജ്യത്ത് ഒരു ശതമാനം മാത്രമേ പണമിടപാടുകൾ നടത്തുന്നത്.
ഡിജിറ്റല്‍ രാജ്യത്തിലേക്കുള്ള സ്വീഡന്റെ യാത്ര
2000കളുടെ തുടക്കത്തിൽതന്നെ പണരഹിത ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിച്ചിരുന്നു. ‘സ്വിഷ്’ എന്ന ആപ്പ് സ്വീഡിഷ് ബാങ്കുകൾ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിൽ ഈ ആപ്പിന് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു.ഫോൺനമ്പർ മാത്രം ഉപയോഗിച്ച് ഉടനടി സാമ്പത്തിക ഇടപാടുകൾ നടത്താനും സാധിച്ചു. ഇന്ന്, പ്രാദേശിക കഫേകൾ, മാർക്കറ്റുകൾ, ആരാധാനലായങ്ങൾ എന്നിവ പോലും പരമ്പരാഗത ക്യാഷ് രജിസ്റ്ററുകൾക്ക് പകരം സ്വിഷ്, ക്ലാർണ, ബാങ്ക്ഐഡി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു.
സർക്കാർ പിന്തുണ
സ്വീഡിഷ് സർക്കാറും രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിക്സ്ബാങ്കും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ശക്തമായ സൈബർ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുകയും ദൈനംദിന ഉപയോഗത്തിനായി കോൺടാക്റ്റ്ലെസ് കാർഡുകളും ഇ-പേയ്മെന്റ് ആപ്പുകളും സ്വീകരിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പല ബാങ്കുകളും കറൻസികൾ കൈകാര്യം ചെയ്യുന്നത് പൂർണ്ണമായും നിർത്തിയിട്ടുണ്ട്.എന്തിനേറെ മിക്കയിടത്ത് നിന്നും എടിഎമ്മുകൾ പോലും അപ്രത്യക്ഷമായിക്കഴിഞ്ഞു.
ജനങ്ങളുടെ സൗകര്യത്തിനപ്പുറം അഴിമതി, കള്ളപ്പണം, മോഷണം എന്നിവ കുറയ്ക്കുക, സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
സ്വീഡിഷുകാർ ഇപ്പോൾ ഡിജിറ്റൽ പേയ്മെന്റ് സമൂഹത്തിൽ ജീവിക്കാൻ ശീലിച്ചിരിക്കുന്നു. തെരുവ് സംഗീതജ്ഞർ മുതൽ പൊതുഗതാഗത സംവിധാനങ്ങൾ വരെ, മിക്കവാറും എല്ലാവരും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നു. ഫ്ലീ മാർക്കറ്റുകളും ചെറുകിട വിൽപ്പനക്കാരും പോലും ക്യുആർ കോഡുകളെയും മൊബൈൽ ട്രാൻസ്ഫറുകളെയും ആശ്രയിക്കുന്നു. റെസ്റ്റോറന്റുകളിൽ, ഉപഭോക്താക്കൾ പലപ്പോഴും ആപ്പുകൾ വഴി ബില്ലുകൾ അടക്കുന്നു,
പ്രചാരത്തിലുള്ളത് 1 ശതമാനത്തിൽ താഴെ പണം
സ്വീഡന്റെ ജിഡിപിയുടെ 0.5% മാത്രമാണ് ഇപ്പോൾ പണമായി ഉപയോഗിക്കുന്നത്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 8%-ത്തിലധികം വരും. ഇതിനർഥം പണം ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ്. മിക്ക സ്വീഡിഷുകാരും ഒരു നാണയമോ നോട്ടോ പോലും കൈകാര്യം ചെയ്യാതെ മാസങ്ങളോളം മുന്നോട്ട് പോകുന്നുണ്ട്. സ്വീഡനിലെ പല പട്ടണങ്ങളിലും എടിഎമ്മുകൾ പോലും അപൂർവമായിക്കൊണ്ടിരിക്കുകയാണ്
പള്ളികളും ചാരിറ്റികളും സ്വിഷ് സംഭാവനകൾ സ്വീകരിക്കുന്നു
ആത്മീയ സ്ഥാപനങ്ങൾ പോലും ഡിജിറ്റൽ ആയി മാറിയിരിക്കുന്നു. സ്വീഡിഷിലെ മിക്ക പള്ളികളിലും, സംഭാവനപ്പെട്ടികൾ സ്വിഷ് ക്യുആർ കോഡുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. മതപരവും ജീവകാരുണ്യപരവുമായ സംഭാവനകൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ രാജ്യങ്ങളിലൊന്നായി സ്വീഡന് മാറി. ഡിജിറ്റല്‍ പേയ്മെന്റ് രാജ്യം എത്രത്തോളം പ്രചരിച്ചു എന്നതിന് തെളിവാണ്.
‘പണം സ്വീകരിക്കില്ല’
സ്റ്റോക്ക്ഹോമിലെ ഒരു കഫേയിലോ മ്യൂസിയത്തിലോ ബസിലോ പോകുന്ന സമയത്ത് ‘പണം സ്വീകരിക്കില്ല’ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ കാണാൻ കഴിയും. മിക്ക സ്വീഡിഷ് ബിസിനസുകളും കാർഡ്, മൊബൈൽ പേയ്മെന്റുകളാണ് പ്രോത്സാഹിപ്പിക്കുന്നത്. സ്വീഡനിൽ ചെറിയ മോഷണങ്ങളും വ്യാജ കറൻസി കുറ്റകൃത്യങ്ങളും ഗണ്യമായി കുറഞ്ഞു.
‘ ഇ-ക്രോണ’ സ്വീഡന്റെ ഡിജിറ്റൽ കറൻസി
സർക്കാർ പിന്തുണയുള്ള സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ആയ ഇ-ക്രോണ റിക്സ്ബാങ്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്വീഡന്. മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രവും കാര്യക്ഷമവുമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, പണത്തിന് സുരക്ഷിതവും ഔദ്യോഗികവുമായ ഡിജിറ്റൽ ബദൽ നൽകുക എന്നതാണ് ഇ-ക്രോണ ലക്ഷ്യമിടുന്നത്. ഇത് നിലവില്‍ വന്നാല്‍ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഡിജിറ്റൽ ദേശീയ കറൻസി ഉള്ള ആദ്യ രാജ്യങ്ങളിലൊന്നായി സ്വീഡൻ മാറും.
മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനം
നോർവേ, ഫിൻലാൻഡ്, ഡെൻമാർക്ക്, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് സ്വീഡന്റെ മാതൃക പ്രചോദനമായി. തങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങളും ഈ രാജ്യങ്ങള്‍ അതിവേഗം ഡിജിറ്റൈസ് ചെയ്യുന്നു. 2030 ഓടെ 99% പണരഹിതമാക്കാനാണ് നോർവേ ലക്ഷ്യമിടുന്നത്. സ്വീഡന്റെ ധീരമായ നീക്കം ലോകമെമ്പാടുമുള്ള ഡിജിറ്റൽ പേയ്മെന്റ് വിപ്ലവത്തിന് തുടക്കമിട്ടിട്ടുവെന്ന് ചുരുക്കം.



