കേരളം

‘തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെങ്കില്‍ ഇടിച്ചു തകര്‍ക്കും’; തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്ന് ഇപി ജയരാജന്‍


കൊച്ചി: തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചു തകര്‍ക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

തൃക്കാക്കരയില്‍ ഇടതു മുന്നണി വിജയിക്കുമെന്ന് ഇ പി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍ഡിഎഫിന്റേത്. കേരളം വികസന കുതിപ്പിലാണ്. എല്‍ഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച്‌ മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനായിരിക്കും നിര്‍വഹിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാകരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button