കേരളം

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തി : മന്ത്രി പി രാജീവ്

കൊച്ചി : ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പി രാജീവ്. എന്‍ഡിആര്‍ സ്‌പെയ്‌സിന്റെ വെയര്‍ഹൗസിംഗ് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് ആലുവയില്‍ തറക്കല്ലിട്ട് നിര്‍മ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെയാണ് നൂറാമത്തെ പദ്ധതിയും യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 276 പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാക്കിയെന്നും 35,111.75 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിര്‍മ്മാണഘട്ടത്തിലുള്ളതെന്നും മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നിക്ഷേപക സംഗമത്തില്‍ താല്‍പര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികള്‍ ഉള്‍പ്പെടെ ഇത്രയും ചുരുങ്ങിയ സമയത്തില്‍ നൂറ് പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങുന്നത് രാജ്യത്തെ തന്നെ റെക്കോഡാണെന്നും മന്ത്രി പറഞ്ഞു.

449 സ്ഥാപനങ്ങളില്‍ നിന്നായി 1.81 ലക്ഷം കോടി രൂപയുടെ താല്‍പര്യപത്രങ്ങളാണ് നിക്ഷേപ സംഗമത്തിലൂടെ ഒപ്പിട്ടത്. ഇതില്‍ അനിമേഷന്‍ രംഗത്തെ പ്രമുഖരായ ഇറ്റാലിയന്‍ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്‌ന തുടങ്ങിയവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാര്‍ക്ക്, കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിന്റെ കീഴിലുള്ള ലൈഫ് സയന്‍സ് കമ്പനി, സിസ്‌ട്രോം, എസ്.എഫ്.ഒ ടെക്‌നോളജീസ്, ഗാഷ സ്റ്റീല്‍സ് ടി.എം.ടി പ്‌ളാന്റ്, കെ.ജി.എ ഇന്റര്‍നാഷണല്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അക്കോസ ടെക്‌നോളജീസ്, വിന്‍വിഷ് ടെക്‌നോളജീസ്, ഡബ്‌ള്യു.ജി.എച്ച് ഹോട്ടല്‍സ്, ജേക്കബ്ബ് ആന്റ് റിച്ചാര്‍ഡ് തുടങ്ങിയ സംരംഭങ്ങളുടെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടുന്നു.

ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണം, ഫാര്‍മ സ്യൂട്ടിക്കല്‍സ്, മര അധിഷ്ഠിത വ്യവസായങ്ങള്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. 100 കോടി രൂപ വരെ മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള പദ്ധതികള്‍ക്ക് കെ.എസ്. ഐ.ഡി.സി മേല്‍നോട്ടം വഹിക്കുന്നു. കിന്‍ഫ്ര പാര്‍ക്കുകളിലെ നിക്ഷേപ പദ്ധതികള്‍ക്ക് കിന്‍ഫ്രയാണ് ഏകോപനം നിര്‍വ്വഹിക്കുന്നത്. വ്യവസായമന്ത്രിയെന്ന നിലയില്‍ ഞാന്‍ അധ്യക്ഷനായ ഉപദേശക സമിതി കൃത്യമായി പദ്ധതികളുടെ അവലോകനം നടത്തുന്നുണ്ട്. ഒപ്പം മുഖ്യമന്ത്രിയുടെ മുന്‍ഗണന പദ്ധതി അവലോകനത്തിലും പുരോഗതി വിലയിരുത്തുന്നുണ്ട്. പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കുന്നതിന് 22 നയപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ഐ.കെ.ജി.എസ് പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി തദ്ദേശ വകുപ്പില്‍ ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button