ചുവന്ന് തുടുത്ത് ജെഎന്‍യു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ന്യൂഡൽഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്‌ഐ – ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി ഗോപിക ബാബു ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി.
ഐസ പ്രതിനിധിയായ അദിതി മിശ്രയാണ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,747 വോട്ടുകള്‍ സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് അദിതിയുടെ വിജയം. എബിവിപിയുടെ വികാസ് പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. 2,774 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗോപികയുടെ വിജയം. ഡിഎസ്എഫ് പ്രതിനിധിയായ സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.
ഡാനിഷ് അലിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചത്. കഴിഞ്ഞ തവണ എബിവിപി സ്വന്തമാക്കിയ ജോയിന്റ് സെക്രട്ടറി സീറ്റ് ഇത്തവണ ഇടത് സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു. ജനറല്‍ സീറ്റുകള്‍ ഇടത് സഖ്യം സ്വന്തമാക്കി. തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നേടാന്‍ കഴിഞ്ഞില്ല.



