മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

തിരുവനന്തപുരം : വിദേശ വിപണി വിപുലീകരിക്കുന്നതിനായി ഓസ്ട്രേലിയയിലേയ്ക്കും ന്യൂസിലൻഡിലേയ്ക്കും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രത്തിൽ ഒപ്പു വച്ച് മിൽമ.
രണ്ടു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്കായി ആർ.ജി. ഫുഡ്സ്, മിഡ്നൈറ്റ്സൺ ഗ്ലോബൽ എന്നീ കമ്പനികളുമായാണ് മിൽമ ത്രികക്ഷി കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.
മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിധ്യത്തിൽ മിൽമ എംഡി ആസിഫ് കെ. യൂസഫ്, ആർ.ജി ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ വിഷ്ണു ആർ.ജി, മിഡ്നൈറ്റ്സൺ ഗ്ലോബൽ ഉടമ ബിന്ദു ഗണേഷ് കുമാർ എന്നിവർ ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വച്ചു. ധാരണപ്രകാരം മിൽമ ഉൽപന്നങ്ങൾ കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ആർ.ജി.ഫുഡ്സ് നടത്തും.
ഗതാഗതം, കസ്റ്റംസ് ക്ലിയറൻസ്, ചരക്ക് കൈമാറ്റം എന്നിവയുൾപ്പടെയുള്ള ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇറക്കുമതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
ഉത്പന്നങ്ങളുടെ മേൽ ഉടമസ്ഥാവകാശമില്ലാതെ പ്രവർത്തന നിർവഹണം, സൗകര്യങ്ങൾ, ഏകോപനം എന്നിവയ്ക്കായി മിഡ്നൈറ്റ്സൺ ഗ്ലോബൽ ഏകോപന പങ്കാളിയായിരിക്കും.



