ദേശീയം

കള്ളപ്പണം വെളുപ്പിക്കല്‍ : അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 3000 കോടിയിലധികം മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

മുംബൈയിലെ പാലി ഹില്ലിലുള്ള വസതിയുള്‍പ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിളുള്ള കമ്പനികളുടെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ഡല്‍ഹിയിലെ മഹാരാജ രഞ്ജിത് സിങ് മാര്‍ഗിലുള്ള റിലയന്‍സ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള വസ്തു, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ നിരവധി ആസ്തികള്‍ എന്നിവയ്ക്ക് എതിരെയാണ് ഇഡി നടപടി. 3,064 കോടി രൂപയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയിരിക്കുന്നത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട പൊതു ഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. 2017-2019 കാലയളവില്‍ നടന്ന ഇടപാടുകളാണ് കേസിന് ആധാരം. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ 2,965 കോടി രൂപയും, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ 2,045 കോടി രൂപയും യെസ് ബാങ്ക് നിക്ഷേപിച്ചിരുന്നു. തൊട്ടുപിന്നാലെ, 2019 ഡിസംബറോടെ ഈ രണ്ട് സ്ഥാപനങ്ങളും ‘നിഷ്‌ക്രിയ’ ആസ്തികളായി മാറുകയായിരുന്നു. യെസ് ബാങ്ക് അനില്‍ അംബാനി കമ്പനികള്‍ക്ക് നല്‍കിയ 3,000 കോടിയുടെ വായ്പയില്‍ വഴിവിട്ട ഇടപാടുകള്‍ നടന്നു മറ്റൊരു ആരോപണം. അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തി എന്നാണ് ഇഡി കണ്ടെത്തല്‍.

വായ്പ വകമാറ്റിയും, സാമ്പത്തിക ക്രമക്കേടുകളും നടത്തി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ 17,000 കോടിയിലധികം രൂപയിലധികം വെട്ടിച്ചെന്നാണ് ഇഡിയുടെ ആരോപണം. ആര്‍എച്ച്എഫ്എല്ലിന് 1,353.50 കോടി രൂപയും ആര്‍സിഎഫ്എല്ലിന് 1,984 കോടി രൂപയും കുടിശ്ശികയുണ്ടെന്നാണ് ഇഡി കണക്കുകള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈ 24 ന് മുംബൈയില്‍ ഇഡി റിലയന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു. റിലയന്‍സ് ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 25 പേരുമായി ബന്ധപ്പെട്ട അന്‍പതോളം ഇടങ്ങളിലായിരുന്നു പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവട് പിടിച്ചായിരുന്നു അനില്‍ അംബാനിക്ക് എതിരെ ഇഡി നടപടി തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button