തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി 24 മരണം

ഹൈദരാബാദ് : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചുകയറി 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ ടിപ്പര്‍ ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസ്സില്‍ നാല്‍പത് പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീണു. ലോറിയില്‍ ഉണ്ടായിരുന്ന മെറ്റല്‍ ആളുകളുടെ മേല്‍പ്പതിക്കുകയും ചെയ്തു. നിരവധി പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തില്‍ ലോറി മറിയുകയും ചെയ്തു.
ഹൈവയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് വാഹനം വഴി തിരിച്ചുവിട്ടതായ് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഉള്‍പ്പടെ അന്വേഷണം പൂരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അതീവദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സാധ്യമായ സഹായം വാഗ്ദാനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



