അന്തർദേശീയം

നൈജീരിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ഇതിനിടെ നൈജീരിയ നിഷേധിച്ചിട്ടുമുണ്ട്. നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ ‘കൂട്ടക്കൊല’ നടക്കുകയാണെന്ന് പറഞ്ഞ ട്രംപ്, അമേരിക്ക ‘നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തലാക്കുമെന്നും തന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് എന്ന സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. ‘ഈ ഭീകരമായ അതിക്രമങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍, ആ രാജ്യത്തേക്ക്’ അമേരിക്ക ‘തോക്കുകളുമായി ഇരച്ചുകയറിയേക്കാം’ എന്നും ട്രംപ് പറഞ്ഞു.

അതേസമയം 23 കോടിയിലധികം ജനസംഖ്യയുള്ള നൈജീരിയയില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇരയായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അക്രമങ്ങള്‍ക്ക് പല ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിമിതമായ വിഭവങ്ങളെച്ചൊല്ലിയും സാമുദായികവും വംശീയവുമായ സംഘര്‍ഷങ്ങളും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button