സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി

ജനീവ : ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി.
ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി കൊന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ 40,000നു മുകളിലാണ് മരണസംഖ്യ.
സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.



