ബംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിച്ചു കൊന്നത് മലയാളി യുവാവും ഭാര്യയും

ബംഗളൂരു : ബംഗളൂരുവിൽ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ അറസ്റ്റിലായത് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും. മലയാളിയായ മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. ദർശൻ എന്ന യുവാവാണ് ഈ മാസം 25ന് പുട്ടനഹള്ളിൽ കൊല്ലപ്പെട്ടത്.
റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദർശനും സുഹൃത്ത് വരുണും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ മനോജ് കുമാറും ശർമ്മയും സഞ്ചരിച്ച കാറിൽ തട്ടുകയും കാറിന്റെ സെെഡ് മിറര്‍ പൊട്ടുകയും ചെയ്തു. ഇതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായതായി പറയപ്പെടുന്നുണ്ട്. ശേഷം ദർശനും സുഹൃത്തും ബൈക്ക് എടുത്ത് പോകുകയും ചെയ്തു. എന്നാൽ ഇതിന്റെ പകയും കൊണ്ട്, രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന മനോജ് കുമാറും ഭാര്യയും ബൈക്കിനെ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശൻ റോഡില്‍ വീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. സുഹൃത്ത് വരുണിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കാർ ഇടിച്ചുവീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചുവീഴ്ത്തണം എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികള്‍ ബൈക്കിന് പുറകെ വിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ആദ്യം അവസരം ഒത്തെങ്കിലും നടന്നില്ല. പിന്നീട് യൂ ടേൺ എടുത്ത് വന്നാണ് ബൈക്കിന് പുറകില്‍ ഇടിച്ചത്.
അപകടത്തിന് ശേഷം ദമ്പതിമാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട്, മാസ്ക് ധരിച്ച് സ്ഥലത്തെത്തിയ ദമ്പതിമാർ അപകടത്തിൽ തകർന്ന കാറിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റം ചുമത്തി പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.



