കേരളം

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം : സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

തൊടുപുഴ : അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.

ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നതോടെ സന്ധ്യയുടെ തുടര്‍ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ അര്‍ബുദം ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് തുണ. ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായര്‍ പുലര്‍ച്ച 5.16ന് ആണ് സന്ധ്യയെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയില്‍ അകപ്പെട്ട സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏകദേശം ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂര്‍വരൂപത്തിലാക്കുകയും ചെയ്തെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങള്‍ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലായി. ഇതോടെ ജീവന്‍ രക്ഷിക്കുന്നതിനായി ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് നീക്കംചെയ്യേണ്ടി വന്നു. ഇടതുകാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ തുടര്‍ചികിത്സ ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button