അന്തർദേശീയം
തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കി യുഎസ്

വാഷിങ്ടൺ ഡിസി : തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കി യുഎസ്. പ്രധാനമായും അമെരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പ്രധാന നീക്കമാണിത്. വിസ പുതുക്കൽ അപേക്ഷകൾ സമർപ്പിക്കുന്ന വിദേശികൾക്ക് തൊഴിൽ അംഗീകാര രേഖകൾ സ്വയമേവ നീട്ടിക്കൊടുക്കുന്ന നടപടി യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അവസാനിപ്പിച്ചു. ഈ ഇടക്കാല തീരുമാനം ഇന്ന് (ഒക്റ്റോബർ 30 വ്യാഴം) മുതൽ പ്രാബല്യത്തിൽ വരും.
യുഎസിലെ വിദേശ തൊഴിലാളികൾക്കെതിരായ നടപടികൾക്ക് പുറമേ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ബുധനാഴ്ച തന്‍റെ സംസ്ഥാനത്തെ സ്ഥാപനങ്ങളോട് “H-1B ദുരുപയോഗം” തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, വർക്ക് വിസയുള്ള വിദേശികൾക്ക് പകരം സ്വദേശികളെ സർവകലാശാല ജോലികൾക്കായി നിയമിക്കാൻ ഉത്തരവിട്ടു.



