എസ്ഐആര്‍ : കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സിപിഐഎം

തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കകരണവുമായി (എസ്ഐആര്‍) മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമ പരമായി നേരിടാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആര്‍ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്ഐആര്‍ നടപടികള്‍ മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.
യോഗത്തില്‍ പങ്കെടുത്ത സിപിഐഎം പ്രതിനിധി എംവി ജയരാജന്‍ ഇന്നലെ തന്നെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സിപിഐഎം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്യുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ എസ്‌ഐആര്‍ നീട്ടാനാകില്ലെന്ന നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശവും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇനി ചര്‍ച്ചകള്‍ക്കിടയില്ലെന്ന കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടികള്‍ നിയമ നടപടി ആലോചിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും നടപ്പാക്കേണ്ടതെന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വച്ച പ്രധാന വിഷയം. ഇത് ആശക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംവി ജയരാജന് പുറമെ സണ്ണി ജോസഫ് (കോണ്‍ഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്‌ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോണ്‍ഗ്രസ്) പി.ജി. പ്രസന്നകുമാര്‍ (ആര്‍.എസ്.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ്ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ കക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിന് സര്‍വക്ഷിയോഗം ചേരാണ് ധാരണ.



