അന്തർദേശീയം

യുഎസ്- റഷ്യ പ്ലൂട്ടോണിയം നിര്‍മാര്‍ജന കരാര്‍ റദ്ദാക്കി പുതിന്‍

മോസ്കോ : യുഎസുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ്ൻ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുപക്ഷവും കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ച കരാറായിരുന്നു ഇത്.

യുക്രൈനിൽ സമാധാന ഉടമ്പടി അംഗീകരിക്കാൻ വിസമ്മതിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ആണവഎൻജിനുള്ള ‘ബുറെവെഷ്നിക്’ ക്രൂസ് മിസൈൽ റഷ്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഞായറാഴ്ച അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പുതിനുമായുള്ള സമാധാന ഉച്ചകോടിക്കുള്ള പദ്ധതികൾ ട്രംപ് റദ്ദാക്കിയിരുന്നു. അതൊരു സമയം പാഴാക്കലാകുമായിരുന്നു എന്ന് പറഞ്ഞ ട്രംപ്, ഒരു കരാറിന് സമ്മതിക്കുമെന്ന സൂചനകൾ പുതിൻ നൽകുന്നില്ലെങ്കിൽ ഉച്ചകോടി പുനഃക്രമീകരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു.

2000-ൽ ഒപ്പുവെക്കുകയും 2010-ൽ ഭേദഗതി വരുത്തുകയും ചെയ്ത പ്ലൂട്ടോണിയം മാനേജ്മെന്റ് ആൻഡ് ഡിസ്പോസിഷൻ എഗ്രിമെന്റ് ശീതയുദ്ധകാലത്തെ തങ്ങളുടെ വലിയ പ്ലൂട്ടോണിയം ശേഖരത്തിൽ നിന്ന് 34 മെട്രിക് ടൺ വീതം കുറയ്ക്കാനും അത് ആണവോർജ്ജത്തിനായി ഉപയോഗിക്കാനും റഷ്യയേയും യുഎസിനേയും പ്രതിജ്ഞാബദ്ധമാക്കിയിരുന്നു. ഏകദേശം 17,000 ആണവായുധങ്ങൾക്ക് തുല്യമായവ നിർമ്മിക്കാൻ ആവശ്യമായ സംമ്പുഷ്ടീകരിച്ച പ്ലൂട്ടോണിയം ഈ കരാറിലൂടെ ഇല്ലാതാകുമെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥർ കണക്കാക്കിയിരുന്നത്.

ട്രംപിന്റെ മുൻഗാമിയായ ബരാക് ഒബാമയുമായുള്ള ബന്ധം വഷളായ 2016-ൽ തന്നെ പുതിൻ കരാറിലെ റഷ്യയുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഒക്ടോബർ ആദ്യം തന്നെ റഷ്യ കരാർ റദ്ദാക്കാനുള്ള നിയമം അംഗീകരിച്ചിരുന്നു. ഈ നിയമത്തിൽ പുതിൻ ഒപ്പുവെച്ചതോടെ കരാർ ഔദ്യോഗികമായി റദ്ദായിരിക്കുകയാണ്.

2022 ഫെബ്രുവരിയിൽ യുക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യ ആണവ ഭീഷണി മുഴക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നുണ്ട്. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിൻ റഷ്യയുടെ ആണവായുധ വിഭാഗത്തിനെ അതീവ ജാഗ്രതയിലാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന ഒരു ഉത്തരവിലും പുതിൻ ഒപ്പുവെയ്ക്കുകയുണ്ടായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button