രാജ്യവ്യാപക എസ്ഐആറിന് തയ്യാറാകാന്‍ സിഇഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എസ്‌ഐആറിന്റെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.
രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒ മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ ആയിരുന്നു യോഗം നടന്നത്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിഇഒമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിഇഒമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സിഇഒമാരുമായും നേരിട്ട് സംവദിച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അവസാനമായി പൂര്‍ത്തിയാക്കിയ എസ്ഐആര്‍ അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം നിലവിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടര്‍ പട്ടിക എന്നിവയുടെ വിശകലനവും യോഗത്തില്‍ നടന്നു.