വനിതാ ജയിംസ് ബോണ്ട് ചാരസുന്ദരിക്ക് പുതിയ ദൗത്യം നൽകാനൊരുങ്ങി റഷ്യ

മോസ്‌കോ : 2010ല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട കുപ്രസിദ്ധ റഷ്യന്‍ ചാരവനിത അന്ന ചാപ്മാന് പുതിയ ദൗത്യം. പുതുതായി സ്ഥാപിതമായ മ്യൂസിയം ഓഫ് റഷ്യന്‍ ഇന്റലിജന്‍സിന്റെ മേധാവിയായി ചുവന്ന മുടിയുള്ള ഈ റഷ്യന്‍ സുന്ദരി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിദേശ ചാര ഏജന്‍സിയായ എസ്വിആറുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം, ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ പ്രസ് ഓഫീസിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോസ്‌കോയിലെ ഗോര്‍ക്കി പാര്‍ക്കിന് സമീപമാണ് മ്യൂസിയം. റഷ്യന്‍ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മ്യൂസിയം ഒരുക്കിയത്. എസ്വിആറിന്റെ നിലവിലെ മേധാവിയും പുടിന്റെ അടുത്ത അനുയായിയുമായ സെര്‍ജി നരിഷ്‌കിന്റെ മേല്‍നോട്ടത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ത്രില്ലര്‍ കഥയാണ് ചാപ്മാന്റെ ജീവിതം.ഓപ്പറേഷന്‍ ഗോസ്റ്റ് സ്റ്റോറീസിന് കീഴില്‍ ഒരു റഷ്യന്‍ സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെ 2010ലാണ് ഇവരെ ന്യൂയോര്‍ക്കില്‍ വച്ച് എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. യുഎസില്‍ ‘നിയമവിരുദ്ധമായി’ താമസിക്കുന്ന ചാര പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളാണ് പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിലൂടെ പുറത്തുവന്നത്.
2009ല്‍ ചാപ്മാന്‍ മാന്‍ഹട്ടനിലേക്ക് താമസം മാറിയപ്പോള്‍, താന്‍ റിയല്‍ എസ്റ്റേറ്റിലാണ് ജോലി ചെയ്യുന്നത് എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനായി രഹസ്യ വയര്‍ലെസ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അവര്‍ തന്റെ ലാപ്ടോപ്പ് ഉപയോഗിക്കുന്നതായി എഫ്ബിഐ കണ്ടെത്തുകയായിരുന്നു. ചാപ്മാന്റെ അറസ്റ്റിന് മുന്‍പ് അവര്‍ ഏകദേശം പത്ത് തവണ ചാര പ്രവര്‍ത്തനം നടത്തിയതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
2010 ജൂണ്‍ 27നാണ് ചാപ്മാനും മറ്റ് ഒമ്പത് പേരും അറസ്റ്റിലാകുന്നത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം റഷ്യന്‍ ഫെഡറേഷന്റെ രഹസ്യ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ഗൂഢാലോചന നടത്തിയതായി അവര്‍ കുറ്റസമ്മതം നടത്തി. ചാര കൈമാറ്റത്തിലൂടെ യുഎസ് അവരെ മോസ്‌കോയിലേക്ക് നാടുകടത്തി.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്, ചാപ്മാന്‍ ലണ്ടനിലും താമസിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, പ്രഭുക്കന്മാര്‍ എന്നിവര്‍ അടങ്ങുന്ന എലൈറ്റ് സര്‍ക്കിളുകളിലൂടെ സഞ്ചരിക്കാന്‍ ചാപ്മാന്‍ തന്റെ സൗന്ദര്യവും സാമൂഹിക കഴിവുകളും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മാര്‍വല്‍ കോമിക്‌സിലെ ഒരു കഥാപാത്രമായ ‘ബ്ലാക്ക് വിഡോ’യോട് ഉപമിച്ചാണ് ചാപ്മാന്റെ കഥ പ്രചരിച്ചിരുന്നത്. താമസിയാതെ, ഒരു റഷ്യന്‍ ഏജന്റ് അവരുടെ നെറ്റ്വര്‍ക്കിങ്ങിലെ കഴിവ് ശ്രദ്ധിക്കുകയും അവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.
അലക്‌സ് ചാപ്മാനുമായുള്ള വിവാഹത്തിലൂടെ അവര്‍ ബ്രിട്ടീഷ് പൗരത്വം നേടി. എന്നിരുന്നാലും ബന്ധം ആരംഭിച്ചതുപോലെ നാടകീയമായി അവസാനിച്ചു. തന്നെ കൊല്ലാന്‍ അന്ന ചാപ്മാന്‍ ശ്രമിച്ചുവെന്ന് അലക്‌സ് ഒരിക്കല്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം അന്ന ചാപ്മാന്‍ പ്രസിദ്ധീകരിച്ച ‘BondiAnna. To Russia with Love’ എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ അവര്‍ ‘വനിതാ ജയിംസ് ബോണ്ട്’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ‘പുരുഷന്മാരില്‍ എനിക്കുണ്ടായിരുന്ന സ്വാധീനം എനിക്കറിയാമായിരുന്നു, പ്രകൃതി എനിക്ക് ആവശ്യമായ ഗുണങ്ങള്‍ ഉദാരമായി നല്‍കിയിരുന്നു. മെലിഞ്ഞ അരക്കെട്ട്, സൗന്ദര്യമുള്ള മാറിടം, ചുവന്ന മുടി, ലളിതവും എന്നാല്‍ സെക്‌സിയെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങള്‍, നേരിയ മേക്കപ്പ്, ഏറ്റവും പ്രധാനമായി, ഞാന്‍ പ്രീതിപ്പെടുത്താന്‍ അധികം ശ്രമിച്ചില്ല. അത് മാജിക് പോലെ പ്രവര്‍ത്തിച്ചു.’- ചാപ്മാന്‍ ഓര്‍മ്മക്കുറിപ്പില്‍ കുറിച്ചു.
ആഡംബര യാത്രകള്‍, ആഡംബര പാര്‍ട്ടികള്‍, ശക്തരുമായുള്ള ഏറ്റുമുട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ഗ്ലാമറസ് ജീവിതത്തെ അവരുടെ പുസ്തകം വിവരിക്കുന്നു.റഷ്യയിലേക്ക് മടങ്ങിയ ശേഷം, ചാപ്മാന്‍ പെട്ടെന്ന് തന്നെ സ്റ്റെല്‍ മാറ്റി. ആദ്യം ഒരു ബിസിനസുകാരിയായും പിന്നീട് ഒരു ടിവി അവതാരകയായും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകയായുമാണ് പ്രവര്‍ത്തിച്ചത്. പുടിന്റെ വിശ്വസ്തയായ അവര്‍ പലപ്പോഴും ക്രെംലിന്‍ അനുകൂല ദേശസ്‌നേഹ പ്രചാരണങ്ങളില്‍ പ്രത്യക്ഷപ്പെടുകയും റഷ്യന്‍ ഇന്റലിജന്‍സില്‍ ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.
ഇപ്പോള്‍ 43 വയസ്സുള്ള അവര്‍ അന്ന റൊമാനോവ എന്ന അപരനാമം ഉപയോഗിച്ച്, പരമ്പരാഗത റഷ്യന്‍ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.