കരാറിലെത്തിച്ചേർന്നില്ലെങ്കിൽ ചെെനയ്ക്ക് 155% തീരുവ ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ചൈനയ്ക്ക് ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി നീതിപൂര്‍വമായ വ്യാപാരക്കരാറില്‍ എത്തിച്ചേരാത്തപക്ഷം ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ നവംബര്‍ ഒന്നാം തീയതി മുതല്‍ 155 ശതമാനംവരെ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
വൈറ്റ്ഹൗസില്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി ധാതു കരാര്‍ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധാതുക്കളുടെ ഇറക്കുമതിയില്‍ ചെെനയോടുള്ള ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയയുമായി യുഎസ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.
ചൈനയ്ക്ക് നമ്മളോട് ഏറെ ബഹുമാനമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. തീരുവയിനത്തില്‍ വലിയ തുകയാണ് അവര്‍ നമുക്ക് തരുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ അവര്‍ 55 ശതമാനം തീരുവയാണ് ഒടുക്കുന്നത്, അത് വലിയ തുകയാണ്. ചൈന 55 ശതമാനം അടച്ചുകൊണ്ടിരിക്കുകയാണ്, ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നില്ലെങ്കില്‍ നവംബര്‍ ഒന്നാം തീയതിയോടെ അത് 155 ശതമാനമാകും, ആല്‍ബനീസുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് ട്രംപ് പറഞ്ഞു.
യുഎസിന്റെ വ്യാപാരനയത്തെ മുന്‍പ് ധാരാളം രാജ്യങ്ങള്‍ ചൂഷണം ചെയ്തിരുന്നെന്നും എന്നാല്‍ ഇനി അത്തരമൊരു നേട്ടംകൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.