ബുർഖ നിരോധന ബില്ലിന് പോർച്ചുഗൽ പാർലമെന്റ് അംഗീകാരം

ലിസ്ബൺ : പൊതുവിടങ്ങളിൽ ‘ലിംഗപരമോ മതപരമോ ആയ ഉദ്ദേശങ്ങൾക്കായി’ ഉപയോഗിക്കുന്ന ബുർഖകൾ (മുഖാവരണം) നിരോധിക്കുന്നതിനുള്ള ബിൽ പോർച്ചുഗൽ പാർലമെന്റ് വെള്ളിയാഴ്ച അംഗീകരിച്ചു. തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ് ഈ ബിൽ നിർദ്ദേശിച്ചത്. മുസ്ലീം സ്ത്രീകൾ ധരിക്കുന്ന ബുർഖകളെയും നിഖാബുകളെയും ലക്ഷ്യമിടുകയാണ് ഈ ബിൽ.
പൊതുസ്ഥലത്ത് മുഖാവരണം ധരിക്കുന്നതിന് 4,000 യൂറോ (4 ലക്ഷം രൂപ) വരെ പിഴ ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. നിർദ്ദേശം അനുസരിച്ച്, പിഴ 200 യൂറോ മുതൽ 4,000 യൂറോ (234 ഡോളർ – 4,671 ഡോളർ) വരെയാണ്. ഇതിനുപുറമേ, ഒരാളെ ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും.
വിമാനങ്ങളിലും നയതന്ത്ര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും മുഖാവരണം ധരിക്കുന്നത് ഇപ്പോഴും അനുവദനീയമാണ്. ബിൽ നിയമമാകുന്നതിന് പ്രസിഡന്റിന്റെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ്. പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയ്ക്ക് ഇപ്പോഴും ബിൽ വീറ്റോ ചെയ്യാനോ പരിശോധനകൾക്കായി ഭരണഘടനാ കോടതിയിലേക്ക് അയയ്ക്കാനോ കഴിയും.
നിയമത്തിൽ ഒപ്പുവച്ചാൽ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, നെതർലാൻഡ്സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം പോർച്ചുഗലും പൂർണമായോ ഭാഗികമായോ മുഖാവരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടാകും.
വെള്ളിയാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ, ഇടതുപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി വനിതാ നിയമസഭാംഗങ്ങൾ ബില്ലിനെ എതിർക്കുകയും ചെഗ നേതാവ് ആൻഡ്രെ വെഞ്ചുറയെ വിമർശിക്കുകയും ചെയ്തു. എന്നിരുന്നാലും, മധ്യ-വലതുപക്ഷ സഖ്യത്തിന്റെ പിന്തുണയോടെ ബിൽ പാസായി.
“ഇന്ന് നമ്മൾ പാർലമെന്റിലെ വനിതാ അംഗങ്ങളെയും, നിങ്ങളുടെ പെൺമക്കളെയും, ഞങ്ങളുടെ പെൺമക്കളെയും, ഈ രാജ്യത്ത് ഒരു ദിവസം ബുർഖ ഉപയോഗിക്കേണ്ടിവരുന്നതിൽ നിന്ന് സംരക്ഷിക്കുകയാണ്,” വെഞ്ചുറ പറഞ്ഞു.
“ഇത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തുല്യതയെക്കുറിച്ചുള്ള ഒരു ചർച്ചയാണ്. ഒരു സ്ത്രീയും മുഖം മറയ്ക്കാൻ നിർബന്ധിതയാവരുത്,” ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ നിയമസഭാംഗമായ ആൻഡ്രിയ നെറ്റോ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞു.
യൂറോപ്പിൽ വളരെ കുറച്ച് മുസ്ലീം സ്ത്രീകൾ മാത്രമേ മുഖം മറയ്ക്കുന്നുള്ളൂ, പോർച്ചുഗലിൽ ഇത്തരം മൂടുപടങ്ങൾ വളരെ അപൂർവമാണ്.
എന്നിരുന്നാലും, നിഖാബ്, ബുർഖ തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ യൂറോപ്പിലുടനീളം ഭിന്നിപ്പിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ഈ മൂടുപടങ്ങൾ ലിംഗ വിവേചനത്തിന്റെ പ്രതീകമോ സുരക്ഷാ ഭീഷണിയെന്ന നിലയിലോ നിരോധിക്കണമെന്ന് ചിലർ വാദിക്കുന്നു.