പാക് വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന് വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന് അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. പാകിസ്ഥാന് നടത്തിയ ഭീരുത്വപരമായ ആക്രമണമാണിതെന്നും എസിബി പറഞ്ഞു.
ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമേ അഞ്ച് പേര് കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് എസിബി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. ആക്രമണത്തിന് പിന്നാലെ അടുത്ത മാസം പാകിസ്ഥാന്, ശ്രീലങ്ക ടീമുകള്‍ക്കൊപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന് പിന്മാറി.
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. പാകിസ്ഥാന് നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന് ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തി. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന് താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.