ഒറ്റ രക്തപരിശോധനയില്‍ അറിയാം പലതരം അർബുദം ; മൾട്ടിക്യാൻസർ ഏർലി ഡിറ്റെക്‌ഷൻ പരിശോധന വികസിപ്പിച്ച് ഗവേഷകർ
തിരുവനന്തപുരം:. ഒറ്റ രക്തപരിശോധനയിലൂടെ വിവിധതരം അർബുദം നിർണയിക്കാൻ കഴിയുന്ന സംവിധാനത്തിന് രൂപം നൽകി ഗവേഷകർ. ശാസ്‌ത്ര ജേണലായ സയൻസ് ഡയറക്ടിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് പുതിയ രീതി അവതരിപ്പിച്ചത്.
ഇന്ത്യൻ വംശജനായ ഡോ. മോഹൻ കൃഷ്‌ണ തുമ്മല (മേഴ്‌സി ക്യാൻസർ ക്ലിനിക്ക്, സ്‌പ്രിങ്‌ഫീൽഡ്), ഡോ. മിനെറ്റ സി ലി (മയോ ക്ലിനിക്, റോചെസ്റ്റർ) അടക്കം 12 ഗവേഷകരുടേതാണ് പഠനം.
രക്തത്തിലെ സെൽ-ഫ്രീ ഡിഎൻഎയുടെ ക്രമം വിശകലനം ചെയ്ത് മൾട്ടിക്യാൻസർ ഏർലി ഡിറ്റെക്‌ഷൻ (എംസിഇഡി) പരിശോധനയിലൂടെ കാൻസർ കണ്ടെത്തുന്നതും തരംതിരിക്കുന്നതുമാണ് വിദ്യ. ജനിതക ശ്രേണീകരണംപോലുള്ള ശാസ്‌ത്രീയരീതിയാണ് എംസിഇഡി പരിശോധനയിലുള്ളത്. അർബുദ ലക്ഷണങ്ങളില്ലാത്തവരിലും ട്യൂമർ (മുഴ) രൂപപ്പെടാൻ സാധ്യതയുള്ള ശരീരഭാഗം തിരിച്ചറിയാൻ പരിശോധന സഹായിക്കും.
4077 പേരിൽ നടത്തിയ പരിശോധനയിൽ 88.7 ശതമാനത്തിലും അർബുദം സ്ഥിതി ചെയ്യുന്ന കോശം കൃത്യമായി തിരിച്ചറിയാൻ സാധിച്ചു. അമ്പതോളം തരം അർബുദങ്ങൾ കണ്ടെത്താനായതായി പഠനത്തിൽ പറയുന്നു. നിലവിലുള്ള സാധാരണ അർബുദ പരിശോധനകൾക്ക് (സിംഗിൾ കാൻസർ സ്‌ക്രീനിങ്) പകരമായി എംസിഇഡി പരിശോധനയുടെ സാധ്യത വളരെ വലുതാണ്. അർബുദം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും ഉപകാരപ്പെടാം. നാലാംഘട്ടത്തിന് മുമ്പ് രോഗനിർണയം നടത്തുന്നത് 15 ശതമാനം അർബുദ മരണം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍. ഗവേഷണത്തിന്റെ അവസാനഘട്ടവും വിജയകരമായി പൂർത്തിയാക്കി. ഇതുവരെ ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടില്ലെങ്കിലും അർബുദ ചികിത്സാമേഖലയിൽ പുതിയ രീതി വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്