അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കാബുള്‍ : അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ആക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിനു മുന്‍പാണ് അഫ്ഗാനില്‍ പാകിസ്ഥാന് ആക്രമണം നടത്തിയത്. ഒക്ടോബര്‍ 9ന് തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുയര്‍ന്ന സംഘര്‍ഷം ഖത്തറും സൗദിയും ഇടപെട്ടാണ് രണ്ടു ദിവസത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലഘൂകരിച്ചത്.
അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. ദോഹയില്‍ നാളെ നടക്കുന്ന ഉന്നതതല ചര്‍ച്ച അവസാനിക്കുന്നതുവരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.