പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം

ലിമ : പുതിയ പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം. പ്രകടനത്തിനിടെ ഒരു ആകടിവിസ്റ്റ് കൊല്ലപ്പെട്ടു. 80 പോലീസ് ഉദ്യോഗസ്ഥരും 10 പത്രപ്രവർത്തകരും ഉൾപ്പെടെ ഏകദേശം 100 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം അക്രമാസക്തമായെങ്കിലും പ്രസിഡന്റ് രാജിവയ്ക്കാൻ വിസമ്മതിച്ചു.
പ്രതിഷേധത്തിനിടെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. “രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുക എന്നതാണ് എന്റെ ഉത്തരവാദിത്തം; അത് എന്റെ ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ്,” പെറുവിലെ പാർലമെന്റ് സന്ദർശിച്ച ശേഷം ഹോസെ ഹെരി പറഞ്ഞു. കുറ്റകൃത്യങ്ങളെ ചെറുക്കാൻ അധികാരികളോട് അഭ്യർഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് മെച്ചപ്പെട്ട പെൻഷനും വേതനവും ആവശ്യപ്പെട്ട് ഒരു മാസം മുമ്പാണ് പെറുവിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. കുറ്റകൃത്യങ്ങൾ, അഴിമതി എന്നിവയിലൂടെ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മടുത്ത പെറുവിലെ ജനത തെരുവിലേക്കിറങ്ങുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടതി പെറുവിലെ പ്രസിഡന്റ് ദിന ബൊലുവാർട്ടെയെ കോൺഗ്രസ് പുറത്താക്കിയതിന് തൊട്ടുപിന്നാലെ സംഘർഷങ്ങൾ വർദ്ധിച്ചു.
പത്ത് വർഷത്തിനിടെ തെരഞ്ഞടുക്കപ്പെടുന്ന ഏഴാമത്തെ പ്രസിഡന്റാണ് ഹോസെ ഹെരി. ഒക്ടോബർ 10നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സ്ഥാനമേറ്റ് ആറ് ദിവസം തികയുന്നതിന് മുമ്പ് തന്നെ പ്രസിഡന്റും മറ്റ് നിയമനിർമ്മാതാക്കളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭം ഉടലെടുക്കുകയായിരുന്നു.