ഷാർജയിലെ വ്യാവസായിക മേഖലയിൽ വൻ തീപിടുത്തം; ആളപായമില്ലെന്ന് പൊലീസ്

ഷാർജ : ഷാർജയിലെ വ്യാവസായിക മേഖലയിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം (ബുധനാഴ്ച) വൈകിട്ടാണ് സംഭവം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് അഗ്നിശമന വിഭാഗവും പൊലീസും ഉടനെത്തുകയും തീ അണയ്ക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് വലിയ ഒരു ശബ്ദം കേട്ടതായും ഉടൻ പുറത്തിറങ്ങി നോക്കിയപ്പോൾ കറുത്ത പുക ഉയരുന്നത് കണ്ടതായും സമീപവാസികൾ പറഞ്ഞു. ഉടൻ തന്നെ ഫയർ എൻജിനുകളും അവിടേയ്ക്ക് അതിവേഗത്തിൽ പോകുന്നത് കണ്ടതായും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് അടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തായും അവർ പറഞ്ഞു.
ഷാർജയിൽ അൽ ഹംരിയ ഫ്രീ സോണിലെ ഒരു വസ്ത്ര വെയർഹൗസിൽ രണ്ട് ദിവസം മുൻപ് സമാനമായ രീതിയിൽ തീപിടിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:34 ന് ഒരു അടിയന്തര കോൾ ലഭിച്ചതേത്തുടർന്ന് സിവിൽ ഡിഫൻസ് ടീം സംഭവ സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റൊരു വ്യാവസായിക മേഖലയിൽ തീപിടുത്തം ഉണ്ടാകുന്നത്. രണ്ട് സംഭവങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.