അന്തർദേശീയം

പാകിസ്താനിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേര്‍ ആക്രമണവും ഏറ്റുമുട്ടലും; 23 മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്താനി താലിബാന്‍ (തെഹ്‌രീകെ താലിബാന്‍) ഏറ്റെടുത്തു.

ദേരാ ഇസ്മയില്‍ ഖാന്‍ ജില്ലയിലെ പോലീസ് ട്രെയിനങ് സ്‌കൂളിന് നേരേയടക്കമാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. പോലീസ് ട്രെയിനിങ് സ്‌കൂളിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13 പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന ട്രെയിനി പോലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് പോലീസ് ട്രെയിനിങ് സ്‌കൂളിന് നേരേ ചാവേര്‍ ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ഭീകരര്‍ പ്രധാന ഗേറ്റും ഇടിച്ചുതകര്‍ത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ഇതിനുപിന്നാലെ വന്‍ സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് ഭീകരര്‍ പോലീസ് ട്രെയിനിങ് സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പോലീസും തിരിച്ചടിച്ചു. അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം. തുടര്‍ന്നാണ് അഞ്ച് ഭീകരരെ വധിച്ചതെന്നും പാക് പോലീസ് പറഞ്ഞു. പോലീസിന് പുറമേ എസ്എസ്ജി കമാന്‍ഡോകളും അല്‍-ബുര്‍ഖ സേനയും ഓപ്പറേഷനില്‍ പങ്കാളികളായിരുന്നു.

ഖൈബര്‍ ജില്ലയിലെ അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബജൗര്‍ ജില്ലയിലെ സംഘര്‍ഷത്തിലാണ് മൂന്ന് സാധാരണക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.

ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പാകിസ്താനി താലിബാന്‍ അഫ്ഗാനിലെ താലിബാനില്‍നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതേസമയം, അഫ്ഗാനിലെ താലിബാനുമായി അടുത്തബന്ധം പുലര്‍ത്തുന്നവരുമാണ് ഇവര്‍.

കഴിഞ്ഞദിവസം കാബൂളിലുണ്ടായ സ്‌ഫോടനങ്ങളില്‍ താലിബാന്‍ പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താന്റെ അതിര്‍ത്തിമേഖലകളില്‍ ആക്രമണപരമ്പര അരങ്ങേറിയത്. അതേസമയം, കാബൂളിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് പാകിസ്താന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button