നവംബർ ഒന്ന് മുതൽ ചൈനയ്ക്ക് 100% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ് ഡിസി : ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ട്രംപിന്റെ പുതിയ നീക്കം. ചൈനയുടെ “അതിരുകടന്ന ആക്രമണോത്സുകമായ” നീക്കങ്ങൾക്കുള്ള പ്രതികാരമായി അധിക തീരുവ നവംബർ ഒന്നിന് നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈന അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കത്ത് അയച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശദീകരിച്ചു. യുഎസിൽ നിന്നുള്ള നിർണ്ണായക സോഫ്റ്റ്വെയറുകൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു.
“ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ അവർ അത് ചെയ്തു. ബാക്കിയെല്ലാം ചരിത്രം”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തിയതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. നാസ്ദാക്ക് 3.6 ശതമാനവും എസ് ആന്റ് പി 500 2.7 ശതമാനവുമാണ് ഇടിഞ്ഞത്. നിലവിൽ ഫെന്റനൈൽ വ്യാപാരത്തിൽ ചൈന സഹായിക്കുന്നു, അന്യായ വ്യാപാര രീതികൾ എന്നിവ ആരോപിച്ച് ട്രംപ് ഏർപ്പെടുത്തിയ തീരുവ പ്രകാരം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം തീരുവയുണ്ട്. ചൈന യുഎസിന് ഏർപ്പെടുത്തിയ പകരം തീരുവ നിലവിൽ 10 ശതമാനമാണ്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സൈനിക ഹാർഡ്വെയറുകൾ, പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയ്ക്കെല്ലാം അപൂർവ ഭൗമ മൂലകങ്ങൾ അത്യാവശ്യമാണ്. ഈ വസ്തുക്കളുടെ ആഗോള ഉത്പാദനത്തിലും സംസ്കരണത്തിലും ചൈനയ്ക്കാണ് ആധിപത്യം. ലോകത്തെ ‘ബന്ദിയാക്കാൻ’ ചൈനയെ അനുവദിക്കരുതെന്നും ചൈന ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഈ മാസം അവസാനം ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ വെച്ച് യുഎസ്-ചൈനീസ് പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്താനിരുന്നതാണ്. എന്നാൽ ഇനി അത് നടക്കുമോയെന്ന് വ്യക്തമല്ല. അതേസമയം അമേരിക്കയുടെ നീക്കങ്ങളോടുള്ള ചൈനയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.