ഫിലിപ്പീന്‍സില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

മനില : ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ സജ്ജമായിരിക്കാനും പ്രസിഡന്റ് നിര്‍ദേശിച്ചു.
തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.
ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ 30-ന് ഫിലിപ്പീന്‍സിലെ സെബുവിലെ മധ്യ പ്രവിശ്യയിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74 പേരാണ് മരിച്ചത്.