ദേശീയം

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം

ന്യൂഡല്‍ഹി : ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.

കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ മരുന്ന് ഉത്പാദന രാജ്യങ്ങളില്‍ ഒന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള മരുന്നുള്‍പ്പെടെ കയറ്റുമതി ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മരണങ്ങളുടെ പശ്ചാത്തലത്തത്തില്‍ ഇവയുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പില്‍ അടങ്ങിയ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 48.6 ശതമാനമാണ് സിറപ്പിലെ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം. 2025 മെയ് മാസത്തില്‍ നിര്‍മ്മിച്ചതും 2027 ഏപ്രിലില്‍ കാലാവധി തീരുന്നതുമായ മരുന്നാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. മരുന്ന് ഉപയോഗിച്ച് കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് ഇടയാക്കിയത്. മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആര്‍ ആണ് വില്‍പന നിരോധിക്കപ്പെട്ട മറ്റൊരു കഫ് സിറപ്പ്. 2025 ജനുവരിയില്‍ നിര്‍മ്മിച്ചതും 2026 ഡിസംബറില്‍ കാലാവധി തീരുന്നതുമായി ബാച്ചില്‍ 1.342 ശതമാനം അപകടകമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തല്‍. റിലൈഫ് എന്ന ബ്രാന്‍ഡില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം 0.616 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button