രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി

മുംബൈ : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായിട്ടാണ് കെയ്ര് സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ടയായിരിക്കും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും.
കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ജൂലായ് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. തുടര്‍ന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യവസായമന്ത്രി ജൊനാഥന് റെയ്നോള്‍ഡും സമഗ്ര, സാമ്പത്തിക, വ്യാപാര കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.
ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും തീരുവ ഒഴിവാക്കുകയും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പല ബ്രിട്ടീഷ് ഉൽപന്നങ്ങളുടെയും തീരുവയിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്ന ബഹുമുഖ തലങ്ങളുള്ള ഈ കരാറിലൂടെ 3400 കോടി യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.