അന്തർദേശീയം

ഫിസിക്സിനുള്ള 2025ലെ നൊബേൽ പുരസ്കാരം മൂന്നു പേർ പങ്കിടും

സ്റ്റോക്ക്‌ഹോം : ക്വാണ്ടം മെക്കാനിക്കൽ ടണലിങ് സംബന്ധിച്ച ഗവേഷണങ്ങൾക്ക് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായി. ആൽഫ്രഡ് നോബലിന്‍റെ ചരമവാർഷിക ദിനമായ ഡിസംബർ 10നു നടക്കുന്ന ചടങ്ങിൽ ഗവേഷകർക്ക് ഔപചാരികമായി സമ്മാനം കൈമാറും.

1901 മുതൽ 2024 വരെ 118 തവണയാണ് ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം നൽകിയിട്ടുള്ളത്. 226 പേർ ജേതാക്കളായി. കഴിഞ്ഞ വർഷം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ അതികായരായ ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹിന്‍റൺ എന്നിവരാണ്, മെഷീൻ ലേണിങ്ങിന്‍റെ അടിസ്ഥാന ഘടകങ്ങൾ നിർമിക്കാൻ സഹായിച്ചതിന് ഭൗതികശാസ്ത്ര നൊബേൽ നേടിയത്.

രോഗാണുക്കളെയും അല്ലാതെ സ്വന്തം ശരീരത്തെയും ആക്രമിക്കാതെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്ക് തിങ്കളാഴ്ച മേരി ഇ. ബ്രൺകോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഡോ. ഷിമോൺ സകാഗുചി എന്നിവർ വൈദ്യശാസ്ത്ര നൊബേൽ നേടിയിരുന്നു.

ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം, ഒക്റ്റോബർ 13ന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ മെമ്മോറിയൽ പ്രൈസ് എന്നിവ പ്രഖ്യാപിക്കും. 11 മില്യൻ സ്വീഡിഷ് ക്രോണർ (ഏകദേശം 10.40 കോടി ഇന്ത്യൻ രൂപ) ആണ് നൊബേൽ പുരസ്കാരത്തിനുള്ള സമ്മാനത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button