പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഫോൺ നമ്പറുകൾക്ക് പകരം ഇനി യൂസർനെയിം ഉപയോഗിക്കാം

വാട്സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസർമാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചർ. ഇനി മുതൽ വാട്സ്ആപ്പിൽ നമ്പർ വെളിപ്പെടുത്താതെ നിങ്ങൾക്ക് ചാറ്റുചെയ്യാൻ സാധിക്കും. മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ പ്ലാറ്റ്ഫോം പകരമായി കൊണ്ടുവരുന്നത് യൂസർനെയിം ഫീച്ചറാണ്.
ടെലഗ്രാമിൽ മുമ്പേ തന്നെയുള്ളതാണ് യൂസർ നെയിം ഫീച്ചർ. ഗ്രൂപ്പുകളിൽ സജീവമായിട്ടുള്ളവർക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. അപരിചിതരായ ആളുകൾ ഗ്രൂപ്പുകളിൽ നിന്ന് ഫോൺ നമ്പറുകൾ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാൻ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. എന്തായാലും ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ യൂസർനെയിം ഏതാനും ദിവസം മുമ്പ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചില ഐ.ഒ.എസ് വാട്‌സാപ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും സേവനം ലഭിച്ചു തുടങ്ങി.
നിങ്ങളുടെ പ്രൊഫൈൽ സെറ്റിങ്സിലാകും യൂസർ നെയിം ഫീച്ചർ കാണാൻ സാധിക്കുക. നിങ്ങളുടെ പേര് സെറ്റ് ചെയ്യുന്ന ഓപ്ഷന് പുറമേ, യൂസർനെയിം ചേർക്കാനുള്ള പുതിയ ഭാഗവും വൈകാതെ അപ്ഡേറ്റിലൂടെ ലഭിക്കും.
വാട്ട്‌സ്ആപ്പിലെ യൂസർനെയിമുകൾ സെറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. നമ്പറുകൾക്ക് പകരമായി പരസ്പരം പങ്കുവെക്കാൻ സാധിക്കേണ്ടതിനാൽ, ഓരോ യൂസർനെയിമുകളും വ്യത്യസ്തമായിരിക്കണം. അതുകൊണ്ട് തന്നെ അക്ഷരങ്ങൾക്ക് പുറമേ, അക്കങ്ങളും !@#$%^&* – പോലുള്ള ക്യാരക്ടറുകളും നിങ്ങളുടെ പേരിനൊപ്പം ചേർക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന് ‘ഷങ്കർ’ എന്ന് പേരുള്ളവർ ഒരുപാടുള്ളതിനാൽ, @shankar124! എന്ന് യൂസർനെയിം നൽകേണ്ടി വരും.
യൂസർനെയിം സെറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ എപ്പോഴും സ്വകാര്യമായി സൂക്ഷിക്കും. സംഭാഷണത്തിലുള്ള വ്യക്തികൾക്ക് ഇതിനകം പരസ്പരം ഫോൺ നമ്പറുകൾ അറിയില്ലെങ്കിൽ യൂസർനെയിം മാത്രമാകും ദൃശ്യമാവുക.
ഈ ഫീച്ചല്‍ വ്യക്തികള്‍ക്ക് പുറമേ, ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. നിലവിലുള്ള വാട്‌സാപ് ചാറ്റുകളെപോലെ യൂസര്‍ നെയിമുള്ളവര്‍ തമ്മില്‍ നടത്തുന്ന ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡായി സൂക്ഷിക്കും.