യുകെയിൽ മസ്ജിദിന് തീയിട്ട് അക്രമികൾ

ബ്രെറ്റൺ : ബ്രിട്ടണിലെ പീസ്ഹെവനിലുള്ള മുസ്‍ലിം പള്ളിക്ക് നേരെ വിദ്വേഷ ആക്രമണം. ശനിയാഴ്ച രാത്രി മസ്ജിദിന്റെ വാതിൽ തളളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ച രണ്ടംഗ മുഖംമൂടി സംഘം പെട്രോൾ ഒഴിക്കുകയും തീവെക്കുകയുമായിരുന്നു. സംഭവസമയത്ത് മസ്‍ജിദിനകത്തുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ സസ്സെക്സ് പൊലീസ് അന്വേഷണമാരംഭിച്ചതായി അധികൃതർ അറിയിച്ചു. വിദ്വേഷ അതിക്രമമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം കൊലപാതകത്തിൽ കലാശിക്കുമായിരുന്നുവെന്ന് മസ്ജിദിലെ ജീവനക്കാരനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. സംഭവസമയത്ത് രണ്ടുപേർ മസ്ജിദിനകത്തുണ്ടായിരുന്നു. തീ പടരുന്നത് കണ്ട് ഇരുവരും മറ്റൊരുവാതിൽ വഴി പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. മസ്ജിദ് കെട്ടിടത്തിന്റെ മുൻവാതിലും മുമ്പിൽ നിറുത്തിയിട്ടിരുന്ന വാഹനവും പൂർണമായി കത്തിനശിച്ചതായും ജീവനക്കാരൻ വ്യക്തമാക്കി.
ബ്രിട്ടണിൽ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ ആശങ്കയാകുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം മാഞ്ചെസ്റ്ററിലെ ജൂത സിനഗോഗിഗിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചിരുന്നു. ആക്രമണമഴിച്ചുവിട്ട ബ്രിട്ടീഷ് പൗരനായ സിറിയൻ വംശജനെ പൊലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്ററിലെയും ബ്രൈറ്റണിലെയും സംഭവവികാസങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് ബ്രെറ്റൺ ആന്റ് ഹോവ് മുസ്‍ലിം ഫോറം പ്രതിനിധി താരിഖ് ജുങ് പറഞ്ഞു. മേഖലയിൽ സമാധാന പുനസ്ഥാപനത്തിനായി വിവിധ മതനേതാക്കൾ കൈകോർത്ത് രംഗത്തിറങ്ങണമെന്നും താരിഖ് കൂട്ടിച്ചേർത്തു.